കുട്ടികളുടെ സോഹിത്യോത്സവത്തില് സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍
കൊച്ചി: എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ സമാപനം. പത്തുലക്ഷത്തോളം പുസ്തകങ്ങളും രാജ്യാന്തര പ്രശസ്തരായ നിരവധി പ്രസാധകരുമായി ഡിസംബര്‍ ഒന്നിന് ആരംഭിച്ച പുസ്തകോത്സവത്തില്‍ ആയിരക്കണക്കിന് പുസ്തകപ്രേമികളാണെത്തുന്നത്. പുസ്തകോത്സവത്തോട് അനുബന്ധിച്ചു നടത്തിയ കൊച്ചി സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള വടക്കുകിഴക്കന്‍, ദക്ഷിണേന്ത്യന്‍ എഴുത്തുകാരുടെ ദ്വിദിന സംഗമം സമാപിച്ചു. സാഹിത്യ അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
മിഹിര്‍ മൗസം റോയ് (ആസാം), അരബിന്ദോ ഉസിര് (ബോഡോ), പി. ചന്ദ്രിക (കന്നഡ), ലോയ്ത്തം ഇനോബി ദേവി (മണിപ്പൂര്‍), ഷീല തമാങ് (നേപ്പാള്‍), നെല്ലായി എസ് മുത്തു (തമിഴ്), ആദിഗോപുല വെങ്കിടരത്നം (തെലുങ്ക്) എന്നിവരും കേരളത്തില്‍ നിന്ന് തോമസ് മാത്യു, സി. രാധാകൃഷ്ണന്, പ്രഭാവര്‍മ തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുത്തു. കൊച്ചി സാഹിത്യോത്സവത്തിന്റെ ഭാഗമായി, കവിതാ ശാഖ നേരിടുന്ന പുതിയ വെല്ലുവിളികളെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ എം. ലീലാവതി, മനോജ് ശര്‍മ്മ, എസ്. ആര് വിജയശങ്കര്‍, എച്ച്. ബിഹാരി സിംഗ്, സ്വാതി ശ്രീപാദ തുടങ്ങിയവര്‍ പങ്കെടുത്തു.
പുസ്തകോത്സവത്തിന്റെ ഭാഗമായി നാഷണല്‍ ബുക്ക് ട്രസ്റ്റുമായി സഹകരിച്ച് സംഘടിപ്പിച്ച കുട്ടികളുടെ സഹിത്യോത്സവം ശ്രദ്ധേയമായി. ചലച്ചിത്രതാരം മുത്തുമണിയും കുട്ടികളുമായുള്ള ആശയസംവാദവും നടന്നു. അക്ഷരങ്ങളുടെ കൂട്ടുകാരാകാന്‍ ആദര്‍ശ് സ്പെഷ്യല്‍ സ്കൂളിലെ ഭിന്നശേഷിയുള്ള കുട്ടികളും എത്തിയിരുന്നു. പുസ്തകങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചുമെല്ലാം അവര്‍ കൗതുകത്തോടെ ചോദിച്ചറിഞ്ഞു. കുട്ടികള്‍ അവതരിപ്പിച്ച നാടകവും ശ്രദ്ധ പിടിച്ചുപറ്റി. നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്മാന് ഡോ. ബല്‍ദേവ് ഭായ് ശര്‍മയും സംബന്ധിച്ചു.
കുട്ടികള്‍ക്ക് വായനയുടെ മായാലോകമാണ് ഇത്തവണ പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്. അക്ഷരം പഠിച്ചു വരുന്ന കുട്ടികള്‍ക്ക് വേണ്ടിയും ചിത്രരചന, നിറം കൊടുക്കല്‍ എന്നിവയ്ക്ക് വേണ്ടിയുമുള്ള പുസ്തകങ്ങളും കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന നിരവധി പുസ്തകങ്ങളും നഗരിയിലുണ്ട്. ഫോര്‍ ഡി സ്മാര്‍ട്ട് ബുക്കുകള്‍, പരിശീലനത്തിനായി യുണീക്ക് വെബ്സൈറ്റ് എന്നിവയും പുസ്തകോത്സവത്തില്‍ ലഭ്യമാണ്. പുസ്തക നിരൂപണവും സാഹിത്യരംഗത്തെ പ്രമുഖരും എഴുത്തുകാരും സാംസ്കാരിക നായകരും പങ്കെടുക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും മുഖാമുഖം പരിപാടികളും ദിവസേന സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ തനിമയും പാരമ്പര്യവും നിറഞ്ഞു നില്ക്കുന്ന കലാരൂപങ്ങളും ദിവസവും വൈകിട്ട് സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: