കോഴഞ്ചേരി: ടൗണിലും പരിസര പ്രദേശങ്ങളിലും മണിക്കൂറുകള്‍ ഇടവിട്ട് ഗതാഗതം തടസപ്പെടുന്നതു പതിവാകുന്നു. കോഴഞ്ചേരി ടൗണിലേക്ക് പത്തനംതിട്ട, ആറന്മുള ഭാഗങ്ങളില്‍ നിന്നു വരുന്നവര്‍ തെക്കേമലയിലും തിരുവല്ലയില്‍ നിന്നുള്ളവര്‍ നെടുംപ്രയാര്‍ ജംങ്ഷനിലുമാണ് കുരുക്കില്‍പെടുന്നത്.
രാവിലെ 11നു മുമ്പും വൈകിട്ട് മൂന്നിനു ശേഷവുമാണ് ഗതാഗത പ്രശ്നം രൂക്ഷമാകുന്നത്. ജില്ലാ ആശുപത്രിയിലേക്കു രോഗികളുമായി എത്തുന്നവരും കോട്ടയം ഭാഗത്തേക്കു പോകേണ്ട ആംബുലന്‍സുകളും കുരുക്കില്‍പെടുന്നു. വാഹനപ്പെരുപ്പവും റോഡുകളുടെ വീതിക്കുറവുമാണ് ഗതാഗതം തടസ്സപ്പെടാന്‍ പ്രധാനകാരണം. ടൗണിലെത്തുന്ന വാഹനങ്ങള്‍ പാര്ക്കുചെയ്യാന് പ്രത്യേക ഇടമില്ലാത്തതും പ്രധാന റോഡിലെ ഗതാഗതക്കുരുക്കിനു കാരണമാകുന്നു. റോഡിലേക്ക് കയറ്റി വാഹനം നിര്‍ത്തിയിട്ടു പോകുന്നവരും അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നവരുമാണ് മറ്റു യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്. വാഹന പാര്‍ക്കിങ്ങിനു പ്രത്യേക സ്ഥലം കണ്ടെത്തി നല്കാന് അധികൃതര്‍ക്കു പദ്ധതിയുണ്ടെങ്കിലും സ്ഥലം കിട്ടാന്‍ മാര്‍ഗമില്ലാത്തതാണ് വിലങ്ങുതടി. പാര്‍ക്കിങ്ങിന് പഞ്ചായത്തിനു ചൂണ്ടിക്കാട്ടാനുള്ള ഏക ഇടം ഇപ്പോള്‍ വണ്ടിപ്പേട്ട മാത്രമാണ്. ടാക്സി വാഹനങ്ങളാണ് ഇപ്പോഴുള്ളത്. സ്വകാര്യ വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. സ്ഥലപരിമിതി കാരണം കൂടുതല്‍ വാഹനങ്ങളെ ഉള്‍ക്കൊള്ളാനാവുന്നില്ല. അനധികൃത കച്ചവടക്കാരും വഴിവാണിഭ സംഘങ്ങളും ഇവിടം കയ്യേറിയിരിക്കുകയാണ്. നോ പാര്‍ക്കിങ് ഭാഗത്തെ വാഹന പാര്‍ക്കിംങും വണ്‍വേ ലംഘനവും മറ്റുമാണ് ടൗണിലെ കുരുക്ക് മുറുകുന്നതിന് പ്രധാന കാരണം. കോളജ് ജംങ്ഷനില്‍ നിന്നു വണ്‍വേ ലംഘിച്ച് പൊയ്യാനില്‍ ജംങ്ഷനിലേക്കു വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ലൈറ്റിട്ട് വേഗത്തില്‍ എത്തുന്നതും വലിയ പാലത്തോടു ചേര്‍ന്ന സ്ഥലത്ത് വാഹനങ്ങള്‍ കുത്തിക്കയറ്റി പാര്‍ക്ക് ചെയ്യുന്നതും പതിവു കാഴ്ചകളാണ്. തിരക്കുള്ള സമയത്ത് റോഡരികില്‍ ലോറി നിര്‍ത്തി ചരക്കിറക്കുന്നതു കാരണവും മണിക്കൂറുകളോം നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. വ്യവസായ കേന്ദ്രത്തിന് സമീപത്താണ് മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നത്. വണ്‍വേ റോഡില്നിന്നെത്തി വലതു ഭാഗത്തായാണ് അന്തര്‍ സംസ്ഥാന ലോറികള്‍ നിര്‍ത്തിയിട്ട് ചരക്കിറക്കുന്നത്. ഏറ്റവും തിരക്കേറിയ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പതിവായി ചരക്ക് ഇറക്കുന്നതും. തിരക്കേറിയ റോഡുകളില്‍ രാത്രികാലങ്ങളില്‍ മാത്രമേ ലോറി പാര്‍ക്ക് ചെയ്ത് ചരക്ക് ഇറക്കാവൂ എന്നാണ് നിയമം. സംസ്ഥാന പാതയേക്കാള്‍ വീതി കുറഞ്ഞ വണ്‍വേ റോഡിലെ അനധികൃത പാര്‍ക്കിങ് തടയാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: