അമേരിക്കയില്‍ ചെല്ലുമ്പോള്‍ ലൂയിസ് വില്ലയിലെ കൂപ്പര്‍ ചേയ്സ് കോര്‍ട്ടില്‍ പോകാന്‍ മറക്കരുത്. അവിടെ 9510-ാം നമ്പര്‍ വീട്ടില്‍ മലയാള നാട്ടിലെ നല്ല നാടന്‍ തക്കാളിയും കുമ്പളങ്ങയും കിട്ടും. ചേര്‍ത്തല കടക്കരപ്പള്ളി മഠത്തില്‍പറമ്പില്‍ വീട്ടില്‍ റോസമ്മയാണ് ജൈവപച്ചക്കറി കൃഷിയിലൂടെ മികച്ച വിളവുണ്ടാക്കി അമേരിക്കന്‍ സുഹൃത്തുക്കള്‍ക്കിടയില്‍ താരമായത്. മുറ്റത്ത് വിളഞ്ഞു കിടക്കുന്ന പച്ചക്കറികള്‍ കണ്ടാല്‍ കേരളത്തിലെത്തിയോ എന്ന് ഒരു നിമിഷം തോന്നിപ്പോകും.
ഇളയമകന് ജിജോയോടൊപ്പം റോസമ്മ ലൂയിസ് വില്ലയില്‍ എത്തിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. പൂക്കളെയും ചെടികളേയും ഏറെ സ്നേഹിച്ച റോസമ്മയ്ക്ക് ഈ കാലയളവ് തന്നെ ധാരാളമായിരുന്നു. നാട്ടില്‍ നിന്ന് പോകുമ്പോള്‍ ബാഗില്‍ സൂക്ഷിച്ച പച്ചക്കറിവിത്തുകള്‍ അമേരിക്കന്‍ മണ്ണില്‍ കുഴിച്ചിട്ടു… മുളച്ചു… കായ്ച്ചു… ഇപ്പോള്‍ രാവിലെ മുറ്റത്തേക്കിറങ്ങുമ്പോള്‍ സ്വന്തം നാടിന്റെ മണം…നാട്ടിലെന്ന പ്രതീതി. അതിനുമപ്പുറം ജീവിതത്തിലെ ഇടവേളകള്‍ ആഘോഷമാക്കി മാറ്റുകയാണ് ഈ വീട്ടമ്മ.
കൃഷി മാത്രമല്ല പൂച്ചെടികളും പക്ഷികളുമെല്ലാമുണ്ട് റോസമ്മയുടെ വീട്ടില്‍. ചേര്‍ത്തല സെന്റ് മേരീസ് സ്കൂളില്‍ പഠിക്കുമ്പോളാണ് റോസമ്മ കൃഷിയുടെ ആദ്യപാഠം സ്വായത്തമാക്കിയത്. അടുക്കളത്തോട്ടം നിര്‍മിച്ച് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചെടുക്കാന്‍ റോസമ്മയ്ക്ക് കഴിഞ്ഞു. മികച്ച വിളവ് ലഭിച്ചതോടെ കൃഷിയെ ജീവിതചര്യയാക്കി മാറ്റിയെടുക്കുകയായിരുന്നു റോസമ്മ. അമേരിക്കയില്‍ എത്തിയശേഷവും കൃഷിയെ ഉപേക്ഷിക്കാന്‍ മനസുവന്നില്ല.
പലനിറത്തിലുള്ള ചീര, പയര്‍, വെണ്ടയ്ക്ക, ബീന്‍സ്, മുള്ളന്‍വെള്ളരി, കുമ്പളങ്ങാ, പീച്ചിങ്ങാ, കോളിഫ്ളവര്‍, ചെറുതും വലുതുമായ തക്കാളി എന്നിവയാണ് തോട്ടത്തിലുള്ളത്. കൃത്യമായ പരിചരണം മൂലം നല്ല വിളവ് ലഭിക്കുന്നുണ്ട്. വേനല്‍ക്കാലം തുടങ്ങുന്ന സപ്തംബര്‍ മാസമാണ് കൃഷി തുടങ്ങിയത്. നല്ല വളമുള്ള മണ്ണാണെങ്കിലും കിളച്ച് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ പാകപ്പെടുത്തിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. അമ്മയുടെ സഹായത്തിന് മകന് ജിജോയും ഒപ്പം കൂടി.
വിത്ത് പാകിയ ശേഷം തൈകള്‍ പറിച്ചുനട്ടു. ഇടയ്ക്കിടെ കളകള്‍ നശിപ്പിച്ച് കൃഷി സ്ഥലം വൃത്തിയാക്കി. ജിജോ വളര്‍ത്തുന്ന പ്രാവുകളുടെ കാഷ്ഠമാണ് പ്രധാനവളമായി ഉപയോഗിച്ചത്. ഇത് വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ മൂന്ന് ദിവസം ചെടികള്‍ക്ക് നനയ്ക്കുകയാണ് പതിവ്. കീടങ്ങളെ നശിപ്പിക്കുന്നതിനായി വെളുത്തുള്ളി ചതച്ച് വെള്ളത്തില്‍ കലക്കി തളിക്കും. ഇലകളും ചെടികളും കാര്‍ന്നുതിന്നുന്ന ജര്‍മന്‍ ബീറ്റില്‍സ് കീടങ്ങളുടെ ശല്യം മൂലം കഴിഞ്ഞതവണ കാര്യമായ വിളവുണ്ടായില്ല.
എന്നാല്‍ ഇത്തവണത്തെ വെളുത്തുള്ളി പ്രയോഗത്തിലൂടെ കീടങ്ങളെ തുരത്താനായത് വിളവും കൂട്ടി. ഇപ്പോള്‍ വീട്ടിലേക്കുവേണ്ട പച്ചക്കറികള്‍ പണം നല്കി വാങ്ങാറില്ല. അയല്‍വാസികളായ ജോണിയും, ബെറ്റി ഹാര്‍ട്ടും ഇപ്പോള്‍ റോസമ്മയുടെ ആരാധകരാണ്. കൃഷിയുടെ ആദ്യപാഠങ്ങള്‍ പഠിക്കാനും കൃഷിയില്‍ സഹായിക്കാനും ഇവരും ഇപ്പോള്‍ റോസമ്മയോടൊപ്പം കൂടും. പച്ചക്കറിത്തോട്ടം കണ്ട് അമേരിക്കയിലെ സായിപ്പും മദാമ്മയും മൂക്കത്ത് വിരല്‍ വെയ്ക്കുമ്പോള്‍ കൃഷി ജീവിതചര്യയാക്കി സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കുകയാണ് ഈ വീട്ടമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: