പത്തനാപുരം: യുവാവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരത്തിനൊരുങ്ങി കുടുംബം. മേലില കൊല്ലങ്കോണത്ത് കിഴക്കേതില്‍ സുനില്‍ കുമാറിന്റെ (39) മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഭാര്യകമലാകുമാരിയും മക്കളും നിരാഹാരത്തിനൊരുങ്ങുന്നത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും അന്വേഷണമില്ലെന്ന് ഇവര്‍ ആരോപിച്ചു.
ഭാര്യയും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതം സുനിലിന്റെ മരണത്തോടെ വഴിമുട്ടി. പാറ പൊട്ടിച്ച് ഉണ്ടായ ആഴമേറിയ കുളത്തില്‍ കഴിഞ്ഞ മാസം 26നാണ് സുനില്‍കുമാറിനെ മരിച്ചനിലയില്‍ കാണ്ടെത്തിയത്.
പാറ ക്വാറിക്ക് സമീപമുള്ള പാഴ്മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ക്വാറി ഉടമയും മരങ്ങള്‍ വാങ്ങിയ ആളും ചേര്‍ന്നാണ് സുനില്‍ കുമാറിനെ ജോലിക്ക് വിളിച്ചത്. ഇരുവരുടെയും സാന്നിധ്യത്തില്‍ മരം മുറിക്കുന്നതിനിടെയായിരുന്നു സംഭവം.
കുളത്തില്‍ വീണ ശിഖരം എടുക്കാനിറങ്ങവെ വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നുവെന്നാണ് ക്വാറി ഉടമ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ നീന്തല്‍ വശമുള്ള സുനില്‍കുമാറിന് കുളത്തിന്റെ ആഴത്തെക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
മൃതദേഹം പുറത്തെടുത്തുന്നതു മുതല്‍ പരിശോധന നടത്തി സംസ്‌ക്കരിക്കുന്നതു വരെയുള്ള കാര്യങ്ങളില്‍ ക്വാറിഉടമ അനാവശ്യ തിടുക്കം കാട്ടിയതും സംശയത്തിന് ഇട നല്‍കുന്നതായി പരാതിയില്‍ പറയുന്നു.
ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടില്‍ പതിനാലും, എട്ടും വയസ്സുള്ള പെണ്‍കുട്ടികളുമായി ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് ഭാര്യ കമലാകുമാരി. നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ നിത്യചിലവുകള്‍ നടത്തുന്നത്.
ചക്കുവരയ്‌ക്കല്‍ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മക്കളായ അദിത്യയും, അഭിനയയും. മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരണമെന്നാണ് നാട്ടുകാരുടേയും ആവശ്യം .
















