ആലപ്പുഴ: ഓഖി ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് ധീവരസഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍. മുന്‍കാലങ്ങളിലൊന്നും തന്നെ ഈ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ദുരന്തങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമത കാട്ടിയില്ല. കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് അര്‍ഹിക്കുന്ന പരിഗണനയില്‍ നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ കാഠിന്യം കുറയ്‌ക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധീവരസഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഗമവും അവകാശ പ്രഖ്യാപന സമ്മേളനവും 17ന് വൈകിട്ട് നാലിന് ആലപ്പുഴ ബീച്ചില്‍ നടക്കും.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി. തിലോത്തമന്‍, വി.എസ്. സുനില്‍കുമാര്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ. രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള സിപിഎം മന്ത്രിമാരും ക്ഷണിച്ചിട്ടും പരിപാടിയില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറി. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ക്ഷണിച്ചില്ലെന്നും ദിനകരന്‍ വ്യക്തമാക്കി.
















