ആലപ്പുഴ/അമ്പലപ്പുഴ: കടല്‍ക്ഷോഭം മൂലം ജില്ലയില്‍ 414 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒമ്പതു ദുരിതാശ്വാസ ക്യാമ്പുകളിലായി 1,516 പേരാണുള്ളത്.
പുറക്കാട് അറബി സെയ്ദ് മദ്രസ ഹാളില്‍ ഒമ്പത്, കലവൂര്‍ ഷോണിമയില്‍ 38, കലവൂര്‍ ഹോളി ഫാമിലി പാരിഷ് ഹാളില്‍ 31, ആറാട്ടുപുഴ നല്ലാനിക്കല്‍ എല്‍പി സ്‌കൂളില്‍ 75, കടക്കരപ്പള്ളി തൈക്കല്‍ പള്ളിയില്‍ 12, മാരാരിക്കുളം വടക്ക് സെന്റ് തോമസ് എല്‍പി സ്‌കൂളില്‍ 7, ആറാട്ടുപുഴ എംഎല്‍പിഎസ് എല്‍പി സ്‌കൂളില്‍ 80, മംഗലം എല്‍പിഎസില്‍ 82, വലിയഴീക്കല്‍ സുബ്രഹ്മണ്യം ക്ഷേത്രം ഹാളില്‍ 80 എന്നിങ്ങനെയാണ് കുടുംബങ്ങളുള്ളത്.
ചെട്ടികാട് നിന്നും കാണാതായ അഞ്ചു മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് സംരക്ഷിച്ചെന്ന വിവരം തീരമേഖലയില്‍ ആശ്വാസം പകര്‍ന്നെങ്കിലും കടല്‍ക്ഷോഭം ശക്തമായി തുടരുന്നതിനാല്‍ ആശങ്കകള്‍ ഒഴിയുന്നില്ല. രാത്രികാലങ്ങളിലാണ് കടല്‍ രൂക്ഷമായി കരയിലേക്ക് അടിച്ചു കയറുന്നത്.
അതിനാല്‍ സര്‍വതും ഉപോക്ഷിച്ച് ബന്ധു വീടുകളില്‍ അഭയം തേടേണ്ട ഗതികേടിലാണ് തീരവാസികള്‍. ശനിയാഴ്ച രാത്രിയില്‍ സൂനാമിഭീതി പരത്തി ശക്തമായ കാറ്റിനൊപ്പം ഉയര്‍ന്ന തിരമാലകള്‍ വീടുകളിലേക്ക് അടിച്ചുകയറിയതിന്റെ നടുക്കം ഇപ്പോഴും ഭൂരിപക്ഷം പേര്‍ക്കും വിട്ടു മാറിയിട്ടില്ല.
ഒട്ടേറെ വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, പുന്നപ്ര, വാടയ്‌ക്കല്‍, ആലപ്പുഴ മാളികമുക്ക്, മംഗലം, തുമ്പോളി, കാട്ടൂര്‍, ചെത്തി, അര്‍ത്തുങ്കല്‍, കടക്കരപ്പള്ളി, പട്ടണക്കാട് തുടങ്ങിയ ഭാഗങ്ങളില്‍ വീടുകളിലേയ്‌ക്കു വെള്ളം കയറി.
അപകട സാഹചര്യം ഒഴിവാക്കാന്‍ വീടുകള്‍ ഒഴിയാന്‍ രാത്രിയില്‍ പോലീസ് അനൗണ്‍സ്‌മെന്റ് നടത്തി.പുറക്കാട് കരൂരില്‍ വീടുകളില്‍ വെള്ളംകയറിയതിനെ തുടര്‍ന്നു ധീവരസഭയുടെകരയോഗം ഓഫിസുകള്‍ തീരവാസികള്‍ക്കായി തുറന്നുകൊടുക്കുകയായിരുന്നു. തൃക്കുന്നപ്പുഴയില്‍ തീരത്തു നിന്നു 150 മീറ്റര്‍ അടുത്തേയ്‌ക്കു കടല്‍ കയറി.
കടല്‍ഭിത്തി ഇല്ലാത്ത ഭാഗത്താണു കടലാക്രമണം രൂക്ഷമായിരിക്കുന്നത്.പുറക്കാട് മുതല്‍ പുന്നപ്ര വിയാനി വരെയും രാത്രി ഒന്‍പതിനു ശേഷം കടലാക്രമണം രൂക്ഷമായിരുന്നു. പകല്‍ കടല്‍ ഉള്‍വലിഞ്ഞ പുന്നപ്ര വിയാനി തീരത്തു രാത്രിയില്‍ തീരം കവിഞ്ഞു 300 മീറ്റര്‍ കരയിലേക്കു കയറി.
















