മലയാള സിനിമയില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ ഏറ്റെടുക്കാന്‍ വിരലിലെണ്ണാവുന്നവര്‍ പോലുമില്ലെന്ന ചര്‍ച്ച സജീവമായപ്പോഴാണ് വട്ടക്കണ്ണടയും മുടിക്കെട്ടുമായി ആ പെണ്‍കുട്ടി മോളിവുഡിന്റെ മുറ്റത്തേക്ക് നടന്നുകയറിയതതാരപ്രഭാവത്തേക്കാള് വ്യക്തിപ്രഭാവമുള്ള അഭിനേത്രിയാണ് പാര്‍വ്വതി തിരുവോത്ത്.
ചാനല്‍ അവതാരകയില്‍ നിന്നു തുടങ്ങിയ ആ യാത്ര ഗോവ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരനേട്ടം വരെയെത്തി നില്ക്കുന്നു. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പാര്‍വതി സ്വന്തമാക്കിയത്.
ഒരു നടി ഇങ്ങനെയൊക്കെയാകാമോ എന്ന് ചോദിച്ച പലര്‍ക്കും നടിയെന്നാല്‍ ഇങ്ങനെ വേണമെന്ന മറുപടി പ്രേക്ഷകര്‍ നല്കി. ഇടവേളകളില്‍ നിന്നും ഇടവേളകളിലേക്ക് മറഞ്ഞ പാര്‍വ്വതിയുടെ കരിയര്‍ഗ്രാഫ് ഉയര്‍ന്നത് ഒരിക്കലും ഭാഗ്യം കൊണ്ടുമാത്രമായിരുന്നില്ല, കഠിനാധ്വാനത്തിന്റെ പടവുകളും പിന്നിലുണ്ട്. ഇടയ്ക്ക് അന്യഭാഷാ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോഴാണ് മലയാളം യഥാര്‍ഥത്തില്‍ പാര്‍വ്വതിയെ ആഗ്രഹിച്ചത്. കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ മലയാള സിനിമ ആഗ്രഹിച്ച മാറ്റത്തിനുള്ള മറുപടിയായി പാര്‍വ്വതിയെന്ന നടി മാറിയിട്ടുണ്ട്. മലയാള ചലച്ചിത്രലോകത്തിന്റെ മുഖഛായ മാറ്റിയെഴുതിയ പാര്‍വ്വതിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായ ഒരുപിടി കഥാപാത്രങ്ങളിലൂടെ…
വീല്‍ചെയറിലിരുന്ന് സ്വപ്നം കീഴടക്കിയ സേറ
വട്ടക്കണ്ണടയും ബോബ് ചെയ്ത മുടിയുമായി സേറ നിരങ്ങി നീങ്ങിയത് പ്രേക്ഷകരുടെ ഹൃദയത്തിലേക്കായിരുന്നു. ”ഓരോ ജനലിലൂടെയുള്ള കാഴ്ചയും വ്യത്യസ്തമാണെന്ന്” പറഞ്ഞ സേറ,സ്വപ്നങ്ങളുടെ കൂട്ടുകാരി ഇങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ബാംഗ്ലൂര്‍ ഡേയ്സിലെ ഈ കഥാപാത്രത്തിന്. റേഡിയോ ജോക്കിയായ സേറ ചുറ്റുമുള്ളവരുടെ ജീവിതത്തില്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായി മാറി. 2014ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയാണ് പാര്‍വ്വതി മലയാളത്തില്‍ വീണ്ടും ചുവടുറപ്പിച്ചത്.
കാത്തിരുപ്പിന്റെ നൊമ്പരമായി കാഞ്ചനമാല
പ്രേക്ഷകര്‍ ഇത്രയധികം നെഞ്ചോടുചേര്‍ത്ത പ്രണയകഥ ഇതിനുമുമ്പ് മലയാളത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ‘എന്നു നിന്റെ മൊയ്തീനി’ലെ കാഞ്ചനമാലയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പാര്‍വ്വതിയുടെ അഭിനയ ചാതുര്യം ആരേയും വിസ്മയിപ്പിക്കും. ഒരു യഥാര്‍ഥ കഥ സിനിമയാക്കിയപ്പോള്‍ ബോക്സ് ഓഫീസ് ഹിറ്റായി മാറിയതും മലയാളത്തിന് ആദ്യാനുഭവമായിരുന്നു. ഒരു നിമിഷം പോലും മടുപ്പിക്കാത്ത അഭിനയമാണ് കാഞ്ചനമാലയായെത്തിയ പാര്‍വ്വതി കാഴ്ചവച്ചത്.
ഭാരമില്ലാതെ പറക്കുന്നവള്‍ ടെസ്സ
കാഞ്ചനമാലയെന്ന നാട്ടിന്പുറത്തുകാരിയില് നിന്ന് ‘ചാര്‍ലി’യിലെ ടെസ്സയിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത മേയ്ക്ക്ഓവറാണ് പാര്‍വതി നടത്തിയത്. ചിത്രശലഭത്തെപ്പോലെ പറക്കാനാഗ്രഹിക്കുന്നവള്, യാത്രയെ ഇഷ്ടപ്പെടുന്നവള്‍… അതെ ടെസ്സ പുതിയ കാലഘട്ടത്തിന്റെ പെണ്‍കുട്ടിയാണ്.
സമീറയുടെ ടേക്ക്ഓഫ്
ഒരാമുഖം ആവശ്യമില്ലാതെ പ്രേക്ഷകഹൃദയങ്ങളിലേക്ക് ‘ടേക്ക്ഓഫ്’ ചെയ്ത കഥാപാത്രമാണ് സമീറ. ചരിത്രത്തില്‍ ഇടം നേടിയ ഒരു സംഭവത്തെ അതിലും വികാരതീവ്രതയോടെയാണ് പാര്‍വ്വതി അഭ്രപാളിയിലെത്തിച്ചത്. മലയാളി നഴ്സുമാരെ സംബന്ധിച്ചിടത്തോളം നഴ്സിങ് ഒരു ജോലി മാത്രമല്ല, ജീവിതപ്രാരാബ്ധങ്ങള്‍ തീര്‍ക്കാനുള്ള ഒരു കച്ചിത്തുരുമ്പുകൂടിയാണ്. ഇറാഖിലെ കഷ്ടതകള്‍ക്കു നടുവിലും ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന സമീറ ഓരോ മലയാളിയുടേയും പ്രതിനിധിയാണ്. ചിത്രത്തില്‍ പാര്‍വ്വതിയുടെ ആറുവയസുകാരന്റെ അമ്മയായും ഗര്ഭിണിയായുമുള്ള അഭിനയം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് നിസ്സംശയം പറയാം. സമീറയുടെ ഓരോ ചലനങ്ങളും വികാരങ്ങളും അത്രയേറെ ഉള്‍ക്കൊണ്ടാണ് പാര്‍വ്വതി അവതരിപ്പിച്ചത്.
ഇതാണ് ഞങ്ങള്‍ പറഞ്ഞ നടി
ഒരു സിനിമയില്‍ നിന്നും മറ്റൊരു സിനിമയിലേക്ക് പോകുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തുന്ന പാര്‍വ്വതിയെ ചിലപ്പോള്‍ തിരിച്ചറിയാന്‍ കൂടികഴിയില്ല. കഥാപാത്രങ്ങളോട് ഈ നടി പുലര്‍ത്തുന്ന ആത്മസമര്‍പ്പണം ഇതില്‍ നിന്നും വ്യക്തമാണ്.
ഔട്ട് ഓഫ് സിലബസ് എന്ന സിനിമയില്‍ സഹനടിയായെത്തിയ കോഴിക്കോട്ടുകാരിയെ ടിവി അവതാരകയായാണ് എല്ലാവര്ക്കും പരിചയം. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലെ പൂജയെന്ന കഥാപാത്രത്തിലൂടെയാണ് പാര്‍വ്വതി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് വിനോദയാത്ര,ഫ്ളാഷ്ബാക്ക് എന്നീ ചിത്രങ്ങളില്‍ വന്നുപോയെങ്കിലും പാര്‍വ്വതി ഇടവേളകളിലേക്ക് തിരിഞ്ഞു.
ഇടയ്ക്ക് ചെറിയ വേഷങ്ങളിലൂടെ കടന്നുപോയപ്പോഴും മലയാള സിനിമ പാര്‍വ്വതിയെ ഒരു നടിയായി സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. തമിഴിലും കന്നഡയിലും അഭിനയിച്ചപ്പോള്‍ ഇനി നാടന്‍ പെണ്‍കുട്ടിയായി ഒതുങ്ങിപ്പോകുമെന്നും സിനിമാലോകം ചിന്തിച്ചു. ‘മരിയാന്’ എന്ന തമിഴ്ചിത്രം പാര്‍വ്വതിയുടെ കരിയറില്‍ വന്‍ റേറ്റിങ് ഉണ്ടാക്കി. ചിത്രത്തിലെ പനിമലര്‍ കരുത്തും കാമ്പുമുള്ള കഥാപാത്രമായിരുന്നു. അടുത്തിടെ ബോളിവുഡിലിറങ്ങിയ പാര്‍വതിയുടെ കന്നിച്ചിത്രം ‘ഖരീബ് ഖരീബ് സിംഗിളും’ ഏറെ ശ്രദ്ധേയമായി.
ഹിന്ദി ചലച്ചിത്ര ലോകത്തെ എണ്ണം പറഞ്ഞ നടന്മാരിലൊരാളായ ഇര്ഫാന് ഖാനെ ‘അട്ടിമറിച്ചു’ എന്ന് പാര്‍വ്വതിയുടെ പ്രകടനത്തെ വിലയിരുത്തിയതില്‍ അതിശയോക്തിയില്ല. നോട്ട്ബുക്കിലെ പൂജയില്‍ നിന്ന് ‘ഖരീബ് ഖരീബ് സിംഗിളിലെ’ ജയയിലേക്ക് കുതിച്ച പാര്‍വതിയുടെ കരിയറിലെ തിളക്കമാര്‍ന്ന ഒരു നിമിഷമായിരുന്നു ഗോവയിലെ രജതമയൂരം.
സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ മലയാള സിനിമയ്ക്ക് നഷ്ടമാണെന്ന പഴഞ്ചന്‍ വിശ്വാസത്തിനുള്ള മറുപടിയാണ് പാര്‍വ്വതിയുടെ ഓരോ കഥാപാത്രവും. മോളിവുഡില്‍ നിന്ന് ബോളിവുഡിലേക്ക് ചുവടുറപ്പിച്ചുകൊണ്ട് ഐഎഫ്എഫ്ഐയുടെ റെഡ്കാര്‍പ്പറ്റിലൂടെ നടന്നുകയറുകയാണ് മലയാളത്തിന്റെ ഈ ഭാഗ്യനായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: