പീരുമേട്: അധികൃതരുടെ അനാസ്ഥ മൂലം കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയില്‍ അപകടം പതിവാകുന്നു. കൊടുംവളവുകളും കുത്തിറക്കവും റോഡിന്റെ വീതി കുറവുമാണ് അപകടത്തിന് കാരണമാവുന്നത്. റോഡിന്റെ ഇരുവശങ്ങളേയ്‌ക്കുമുള്ള കാഴ്ച മറയ്‌ക്കുന്ന രീതിയില്‍ കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതും ഡ്രൈവര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്.
അപകടകരമായ ഗര്‍ത്തങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ പലയിടത്തും ബാരിക്കേടുകള്‍ സ്ഥാപിച്ചിട്ടുമില്ല. കുമളി മുതല്‍ മുണ്ടക്കയം വരെയുള്ള പല ഭാഗങ്ങളിലും വഴിവിളക്കുകള്‍ കത്തുന്നുമില്ല. ശബരിമല സീസണായതോടുകൂടി അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ വാഹനം രാവും പകലും ഈ വഴി കടന്നുപോകുന്നുണ്ട്. അപകട മുന്നറിയിപ്പ് സിഗ്നല്‍ സ്ഥാപിക്കാത്തതിനാലും വഴി മുന്‍ പരിചയമില്ലാത്തതും അപകടത്തിന് കാരണമാവുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന ചരക്ക് ലോറികളും രാത്രികാല സര്‍വ്വീസുകളാണ് നടത്തുന്നത്.
സംസ്ഥാനപാതയായ പഴയ കെ.കെ.റോഡ് 2004ല്‍ ദേശീയപാതയായി പ്രഖ്യാപിച്ചതിന് ശേഷം ദേശീയപാതയ്‌ക്കുള്ള അടിസ്ഥാന ഘടന നാളിതുവരെയായിട്ടില്ല. എന്നാല്‍ ഇതിന്റെ ഭാഗമായ കുമളി മുതല്‍ തമിഴ്‌നാട് വരെ വികസിച്ചുകൊണ്ടിരിക്കുകയാണ്.
















