മുക്കം: വനവാസികളിലെ മുതുവന്‍ വിഭാഗത്തില്‍പ്പെട്ടവരെ അധികൃതര്‍ അവഗണിക്കുന്നതായി ആക്ഷേപം.
മുതുവന്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാതെയാണ് റവന്യു വകുപ്പിന്റെ നീതികേട്. മലയോര മേഖലയില്‍ കാരശേരി പഞ്ചായത്തിലാണ് മുതുവന്‍ വിഭാഗത്തില്‍പെട്ടവര്‍ താമസിക്കുന്നത്. മൈസൂര്‍ മല, തേക്കുംകുറ്റി, സണ്ണിപ്പടി, തോട്ടക്കാട്, മരഞ്ചാട്ടി, ചുണ്ടത്തും പൊയില്‍ കോളനികളിലെ 193 കുടുംബങ്ങളിലായി 628 പേരാണ് മുതുവന്‍ വിഭാഗത്തില്‍പ്പെടുന്നവര്‍. 2017 മാര്‍ച്ച് വരെ ഇവര്‍ക്ക് മുതുവന്‍ വിഭാഗമെന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ കോഴിക്കോട് താലൂക്ക് ഓഫീസില്‍ നിന്ന്‌നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ചിന് ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലന്നാണ് പരാതി.
താമരശേരി െ്രെടബല്‍ ഓഫീസില്‍ നിന്ന് ഇവര്‍ മുതുവന്‍ വിഭാഗത്തില്‍ പെടുന്നവരാണന്ന് സാക്ഷ്യപ്പെടുത്തി നല്‍കുന്നുണ്ടങ്കിലും താലൂക്ക് ഓഫീസിലെത്തുമ്പോള്‍ ഇവരെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ സ്‌കോളര്‍ഷിപ്പ്, ഗ്രാന്റ് ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല.
സണ്ണിപ്പടി കോളനിയിലെ കെ.സി.അരുണ്‍ എന്ന യുവാവിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക ജോലി ലഭിച്ചങ്കിലും സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കാനായില്ല. ഈ കോളനിയില്‍ മാത്രം 13 കുട്ടികള്‍ പഠനം തുടരാനാവാത്ത അവസ്ഥയിലാണ്. ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആറു മാസ കാലാവധിയിലാണ് നല്‍കുന്നത്.
കേരളത്തില്‍ ഇടുക്കി ജില്ലയില്‍ മാത്രമാണ് മുതുവന്‍ വിഭാഗത്തില്‍ പെട്ടവരുള്ളൂ എന്നപുതിയ അവകാശവാദമാണ് അവഗണനക്ക് കാരണമെന്നാണ് വിവരം. പുറം ലോകവുമായി ബന്ധമില്ലാതെ മലമുകളില്‍ കാടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരാണ് ഇക്കൂട്ടത്തില്‍ അധികമാളുകളും.
















