ആലപ്പുഴ: ഗാര്‍ഹിക മേഖലയില്‍ സംഭവിക്കുന്ന വൈദ്യുത അപകടത്തിന്റെ 44 ശതമാനവും വൈദ്യുതി ദുരുപയോഗവും അശ്രദ്ധമായി വൈദ്യുതി ലൈനിന് സമീപം ഇരുമ്പുതോട്ടിയും ദണ്ഡും ഉപയോഗിക്കുന്നതും മൂലം.
വൈദ്യുത അപകട സുരക്ഷയുമായി ബന്ധപ്പെട്ട് കൂടിയ യോഗത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ ഏറെയുള്ള ജില്ലയില്‍ ശരിയായ രീതിയില്‍ എര്‍ത്തിങ് ആവശ്യമാണ്. എല്ലാ വീടുകളുടെയും എര്‍ത്തിങ് പരിശോധിക്കുന്നതിനുള്ള സാധ്യത ആരായാന്‍ യോഗം തീരുമാനിച്ചു.
29 ശതമാനം അപകടങ്ങള്‍ അനധികൃത നിര്‍മാണങ്ങളും താത്കാലിക വയറിങും അജ്ഞതയും മൂലമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേടായ ഉപകരണങ്ങള്‍ മൂലമാണ് 12 ശതമാനം അപകടം ഉണ്ടാകുന്നത്.
ഐഎസ്‌ഐ മുദ്രയുള്ള നിലവാരമുള്ള ഉപകരണങ്ങളും സാമഗ്രികളുമേ വയറിങിന് ഉപയോഗിക്കാവൂ. ലൈസന്‍സും പ്രായോഗികപരിജ്ഞാനവുമുള്ളവരെ മാത്രമേ വയറിങിനും അറ്റകുറ്റപ്പണിക്കും നിയോഗിക്കാവൂ.
വൈദ്യുതി ലൈനുകള്‍ക്ക് താഴെ കെട്ടിടങ്ങളും ഷെഡുകളും നിര്‍മിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ മുന്‍കൂര്‍ അനുവാദം വാങ്ങണം.
















