നീരേറ്റുപുറം: ഞായറാഴ്ച നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രപരിസരത്തും എംസി റോഡിലുള്‍പ്പെടെ പൊങ്കാല നിവേദ്യമൊരുക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
തകഴി, തിരുവല്ല, ചെങ്ങന്നൂര്‍, മാന്നാര്‍, വീയപുരം, മുത്തൂര്‍, എന്നിവിടങ്ങളിലെല്ലാം പൊങ്കാല ഇടുന്നതിന് സൗകര്യം ഉണ്ടായിരിക്കും. രണ്ടായിരത്തോളം പോലീസുകാരുടെ സേവനം ഉറപ്പാക്കും. കെഎസ്ആര്‍ടിസി സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നു ക്ഷേത്രത്തിലേക്കു പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു.
3,001 വോളണ്ടിയര്‍മാരെ ഭക്തരുടെ സഹായത്തിനായി നിയോഗിച്ചു. പോലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യം, അഗ്‌നിശമനസേന, കെഎസ്ഇബി, ജല അതോറിറ്റി ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജമാക്കി.
മൂന്നിനു രാവിലെ എട്ടരയ്‌ക്കു വിളിച്ചുചൊല്ലി പ്രാര്‍ത്ഥന. ഒന്‍പതിനു നടക്കുന്ന ആധ്യാത്മിക സംഗമം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പൊങ്കാലയുടെ ഉദ്ഘാടനം സിമഗപ്പൂര്‍ വ്യവസായി കുമാര്‍ പിള്ള നിര്‍വഹിക്കും.
ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദേവിയെ ശ്രീകോവിലില്‍ നിന്ന് എഴുന്നെള്ളിച്ച് പണ്ടാര പൊങ്കാലയടുപ്പിനു സമീപം എത്തുമ്പോള്‍ പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകരും. രാവിലെ 11 ന് 41 ജീവതകളിലായി ദേവിയെ എഴുന്നള്ളിച്ചു പൊങ്കാല നിവേദിക്കും.
തുടര്‍ന്നു ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. 5.30 നു സാംസ്‌കാരിക സമ്മേളനം തോമസ് ചാണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി പകരും. ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് ഉത്സവം 16 മുതല്‍ 27 വരെ നടക്കും. 22 നു നാരീപൂജയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ നിര്‍വഹിക്കും. 26നു കലശവും തിരുവാഭരണ ഘോഷയാത്രയും.
















