പത്തനംതിട്ട: പെരുന്തേനരുവി വെള്ളച്ചാട്ടം വറ്റി വരണ്ടതോടെ കോടികള്‍ മുടക്കിയ ടൂറിസം പദ്ധതിയുടെ നിലനില്‍പ്പ് ആശങ്കയില്‍. വെള്ളച്ചാട്ടത്തിന്റെ പഴയ ദൃശ്യഭംഗി പ്രതീക്ഷിച്ച് ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ നിരാശയോടെ മടങ്ങുന്നു. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി പമ്പാനദിയിലെ ഇടത്തിക്കാവില്‍ തടയണ നിര്‍മിച്ചതാണ് വെള്ളച്ചാട്ടത്തിലെ സ്വാഭാവിക നീരൊഴുക്കിനെ ദോഷമായി ബാധിച്ചത്.
പദ്ധതിയുടെ തുടക്കത്തില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് വിവിധ കോണുകളില്‍നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിലാണ് നദിയുടെ ഇപ്പോളത്തെ അവസ്ഥ. അരുവിക്ക് 500 മീറ്റര്‍ മുകളിലാണ് തടയണ. ഇവിടെ നിന്നു വെള്ളം കനാലിലൂടെ പവര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. അരുവിക്ക് 100 മീറ്റര്‍ താഴെമാറിയാണ് വൈദ്യുതി ഉല്പാദനത്തിനു ശേഷം വെള്ളം പുറന്തള്ളുന്നത്. തടയണയ്ക്കും പവര്‍ഹൗസിനും മദ്ധ്യേയുള്ള 600 മീറ്റര്‍ ഭാഗത്ത് ഇപ്പോള്‍ നീരൊഴുക്ക് തീര്‍ത്തും നിലച്ചിരിക്കുന്നു. ഇതുമൂലം അരുവിലേക്ക് ഒഴുകിയെത്താന്‍ വെള്ളമില്ല.
പാറക്കൂട്ടങ്ങള്‍ മാത്രമാണ് അരുവിയില്‍ ശേഷിക്കുന്നത്. പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നാണ് വെച്ചൂച്ചിറ ജലപദ്ധതിക്കായി വെള്ളം ശേഖരിക്കുന്നത്. ആറ്റില്‍ ജലവിതാനം കുറഞ്ഞതു വെച്ചൂച്ചിറ ജലപദ്ധതിയുടെ പ്രവര്‍ത്തനത്തിനും ഭീഷണിയാകുന്നു. മുന്‍പും വേനല്‍ക്കാലത്ത് ആറ്റിലെ ജലനിരപ്പ് കുറയുമ്പോള്‍ പമ്പിങ് മുടങ്ങാറുണ്ടെങ്കിലും ഇത്രയും ഗുരുതരമായ സ്ഥിതി ഉണ്ടായിരുന്നില്ല. ഈവര്‍ഷം വേനല്‍ കടുക്കും മുന്‍പേ നദിവറ്റിയതു മൂലം പമ്പിങ്ങിനാവശ്യമായ വെള്ളം ലഭിക്കുന്നില്ല. ബദല്‍ സംവിധാനം ഒരുക്കാനും കഴിയുന്നില്ല.
പെരുന്തേനരുവി കേന്ദ്രീകരിച്ച് 1.25 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് നടപ്പാക്കിയത്. ഓഡിറ്റോറിയം അടക്കം 3.17 കോടി രൂപയുടെ പദ്ധതി നിര്‍മാണഘട്ടത്തിലുമാണ്. അവ പൂര്‍ത്തിയാകുമ്പോള്‍ അരുവിയില്‍ വെള്ളമില്ലാതെ വന്നാല്‍ പദ്ധതിക്ക് തിരിച്ചടിയാകും. തടയണയില്‍ നിന്ന് അരുവിയിലേക്ക് നിയന്ത്രിത അളവില്‍ വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് പരിഹാരം. കെഎസ്ഇബിയും ടൂറിസം വകുപ്പും ജനപ്രതിനിധികളും ഇടപെട്ടാല്‍ മാത്രമേ ഇതു സാധ്യമാകൂ. വെച്ചൂച്ചിറ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന ജനങ്ങളുടെ കുടിവെള്ളം മുട്ടാതിരിക്കാനും നടപടി അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: