പത്തനംതിട്ട: തമിഴ്നാട്, കേരള തീരങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജില്ലയിലും തോരാത്ത മഴ. ഇന്നലെ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ മിക്കയിടത്തും മഴതുടര്‍ന്നു. പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നത് നാശനഷ്ടങ്ങള്‍ക്കും കാരണമായി. മഴ ശബരിമല തീര്‍ത്ഥാടകരെ ഏറെ വലച്ചു. പമ്പത്രിവേണിയിലെ ഗ്രൗണ്ടില്‍ വെള്ളം കയറിയതോടെ ഇവിടെ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു.
പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് വടം കെട്ടി സംരക്ഷിച്ച് വാഹനങ്ങള്‍ കരയിലേക്ക് മാറ്റി. പലയിടത്തും വൃക്ഷങ്ങള്‍ കടപുഴകി വീണ് നാശനഷ്ടം ഉണ്ടായി. വൈദ്യുതി വിതരണവും ലമേഘലയിലും തടസ്സപ്പെട്ടു. കൂടല്‍ ഗ്രാമപഞ്ചായത്ത് 18-ാ വാര്‍ഡില്‍ ലക്ഷ്മി വിലാസത്തില്‍ ഷിബു എന്‍. പിള്ളയുടെ ഉടമസ്ഥതയിലുളള വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. ഇവിടെ താമസിച്ചിരുന്ന സരസ്വതി അമ്മയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിയന്തര സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്കി.
കനത്ത മഴയ്ക്കും കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുല ര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ആര്.ഗിരിജ അറിയിച്ചു. ജില്ലയിലെ മലയോര മേഖലയില്‍ വൈകിട്ട് ആറിനും രാവിലെ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കണം. വൈദദ്യുത തടസ്സം ഉണ്ടാകുവാന്‍ സാധ്യത യുള്ളതിനാല്‍ മൊബൈല്‍ ഫോണുകള്‍, എമര്‍ജന്‍സി ലൈറ്റുകള്‍ എന്നിവ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം. മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുകയും ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ അടിയന്തര ആവശ്യത്തിനുള്ള മരുന്ന് കരുതുകയുംവേണം. വാഹനങ്ങള്‍ മരങ്ങള്‍ക്ക് കീഴില്‍ നിര്ത്തിയിടാതിരിക്കണം.
മലയോര റോഡുകളില്‍ പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. കടല്‍തീരത്തും മലയോര മേഖലയിലും ജലാശയങ്ങളിലും വിനോദ സഞ്ചാരങ്ങള്‍ രണ്ട് ദിവസത്തേക്ക് ഒഴിവാക്കണം. ജനറേറ്റര്‍, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതണം. വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര തീര്‍ത്ഥാടകര്‍ ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. കാനന പാതയിലൂടെയുള്ള യാത്ര ഒഴിവാക്കണം. ശക്തമായ മഴയുള്ള അവസരത്തില്‍ സന്നിധാനത്തും തിരികെ പോകുന്നതിനും തിരക്ക് കൂട്ടരുത്. മരങ്ങള്‍ക്ക് താഴെയും നീരുറവകള്‍ക്ക് സമീപം വിശ്രമിക്കരുത്. പുഴകളിലും നീരുറവകളിലും കുളിക്കുന്നത് രണ്ട് ദിവസത്തേക്ക് ഒഴിവാക്കണം. പമ്പാസ്നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: