പത്തനംതിട്ട: ഫണ്ടുലഭിച്ചിട്ടും റാന്നി നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു. എന്നാല്‍ പിടിപ്പുകേട് മറച്ചുവച്ച് ഉദ്യോഗസ്ഥരുടെമേല്‍ പഴിചാരി രക്ഷപെടാനാണ് എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളുടെ ശ്രമം. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്ത് നടുവൊടിഞ്ഞപ്പോള്‍ ജനകീയ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തിലെ റോഡുകള്‍ തകര്‍ന്നു കിടക്കുന്നത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് വെളിവാക്കുന്നത്. തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പണം അനുവദിച്ച റോഡുകള്‍ ഉള്‍പ്പെടെ ഉള്ളവയുടെ അറ്റകുറ്റപ്പണികളാണ് തുടങ്ങാനാകാത്തത്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബജറ്റു വിഹിതം, ശബരിമല ഉത്സവം, എസ്എല്ടിഎഫ് എന്നീ ഹെഡുകളിലായി റാന്നി നിയോജകമണ്ഡലത്തിലെ മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമാക്കാന്‍ ആവശ്യമായ ഫണ്ട് പൊതുമരാമത്ത് മന്ത്രി അനുവദിച്ചിരുന്നതായി എംഎല്‍എയും സിപിഎം നേതാക്കളും പറയുന്നു. എന്നാല്‍ റാന്നിയിലൂടെയുള്ള പ്രധാന റോഡായ പിഎം റോഡിലൊഴികെ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല.
ജില്ലയില്‍ റോഡുകള്‍ക്കായി ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ചതും റാന്നി നിയോജകമണ്ഡലത്തിലാണെന്നാണ് അവകാശവാദവും.
ബംഗ്ലാംകടവ് – ഒഴുവന്‍പാറ – വടശേരിക്കര, ജണ്ടായിക്കല്‍ -അത്തിക്കയം, കല്യാണിമുക്ക് – അലിമുക്ക് റോഡിന്റെ രണ്ടാംഘട്ടം എന്നീ റോഡുകളുടെ അറ്റകുറ്റപ്പണികളാണ് മുടങ്ങിയത്. റാന്നി പൂവന്മല – തീയാടിക്കല്‍ റോഡിലൂടെ യാത്ര തന്നെ ദുഷ്കരമായി. റാന്നി കണ്ടംപേരൂര്‍ ബ്രാഞ്ച് റോഡ് പണി പൂര്‍ത്തീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ബജറ്റുകളിലായി റാന്നി നിയോജകമണ്ഡലത്തിലെ പല റോഡുകളും ബിഎം,ബിസി നിലവാരത്തില്‍ പുനരുദ്ധരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗ്രാമീണ, പൊതുമരാമത്ത് റോഡുകള്‍ കൂട്ടിയോജിപ്പിച്ച് വിശാലമായ റോഡുവികസന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കുമ്പളന്താനം – മുക്കൂട്ടുതറ, തെള്ളിയൂര്‍- മണിയാര്‍ തുടങ്ങിയ റോഡുവികസന പദ്ധതികളൊക്കെ ബജറ്റിലുണ്ടായിരുന്നതാണ്. റാന്നിയിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണിക്കും റീടാറിംഗിനും ഫണ്ട് ലഭ്യമാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പണികള്‍ ആരംഭിക്കാത്തതിന്റെ കാരണം ജനങ്ങളോടു വിശദീകരിക്കേണ്ട ഗതികേടിലാണ് ജനപ്രതിനിധികളും.
സാങ്കേതികാനുമതി ലഭിച്ചുകഴിഞ്ഞാല്‍ പണികള്‍ ടെന്‍ഡര്‍ ചെയ്യിക്കേണ്ടത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ്. സമയ ബന്ധിതമായി ഈ പ്രവൃത്തികള്‍ റാന്നിയില്‍ പൂര്‍ത്തിയായില്ലെന്നു പറയുന്നു.
മഴക്കാലം നീണ്ടുപോയതും മറ്റൊരു പ്രശ്നമായി. മഴക്കാലത്ത് പണികള്‍ നടത്തിയാല്‍ റോഡുകള്‍ക്ക് ആയുസില്ലെന്ന കാരണത്താല്‍ പണി ചെയ്യേണ്ട എന്നത് സര്‍ക്കാര്‍ നയമാണ്. എന്നാല്‍ നേരത്തേ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ മഴ കഴിഞ്ഞതോടെ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കാന്‍ കഴിഞ്ഞേനെ.
വടശേരിക്കര ചിറ്റാര്‍ റോഡ് ബിഎം ബിസി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിച്ചപ്പോള്‍ ജലഅതോറ്റിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ തുക മാറ്റിവയ്ക്കാതിരുന്നത് പൊതുമരാമത്ത് വകുപ്പധികൃതരുടെ വീഴ്ചയാണെന്നു പറയുന്നു. റോഡ് നിര്‍മാണത്തോടെ പൈപ്പുകള്‍ അറ്റകുറ്റപ്പണി ചെയ്യാനാകാത്ത വിധം പലഭാഗങ്ങളിലും പൊട്ടി ഇപ്പോള്‍ വടശേരിക്കര, ചിറ്റാര്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: