തലശ്ശേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിട്ടുളള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സര്‍വ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാലയ കൂട്ടുചേരല്‍ പരിപാടിക്ക് തലശ്ശേരിയില്‍ തുടക്കമായി. തലശ്ശേരി സേക്രഡ് ഹാര്‍ട്ട് എല്‍പി സ്‌കൂളാണ് കൂട്ടുചേരല്‍ പരിപാടിക്ക് വേദിയായത്. അല്‍ മദ്രസ്സത്തുല്‍ മുബാറക്ക എല്‍പി സ്‌കൂളില്‍ നിന്നുളള 30 വിദ്യാര്‍ഥികളാണ് സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ കൂട്ടുചേരാനെത്തിയത്. ഇവരോടൊപ്പം സ്‌കൂളിലെ രണ്ട് അധ്യാപകരും രണ്ട് രക്ഷാകര്‍തൃ പ്രതിനിധികളും ഉണ്ടായിരുന്നു.
വിദ്യാലയങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാനും സ്വീകാര്യമായ മികവുകള്‍ സ്വാംശീകരിച്ച് സ്വന്തം വിദ്യാലയത്തെ കൂടുതല്‍ മികവിലേക്കുയര്‍ത്താനും കൂട്ടുചേരലിലൂടെ സാധിക്കും. സ്‌കൂള്‍ അസംബ്ലിയോടെയാണ് പരിപാടിക്ക് തുടക്കമായത്. തെറ്റില്ലാത്ത മലയാളം, ഹലോ ഇംഗ്ലീഷ്, ഗണിതം മധുരം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളാല്‍ കൂട്ടുചേരല്‍ എന്നിവ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. ഗ്രൂപ്പുകളായി തിരിഞ്ഞ കുട്ടികള്‍ സ്‌കൂള്‍ പ്രവര്‍ത്തനം ചുറ്റിനടന്ന് നിരീക്ഷിച്ചു. ഇംഗ്ലീഷ് തിയറ്റര്‍, സ്മാര്‍ട്ട് ക്ലാസ് റൂം, ശുചിത്വം, ഉച്ചഭക്ഷണം, റേഡിയോ സ്‌റ്റേഷന്‍, നല്ല മലയാളം എന്നിങ്ങനെ വിവിധ മേഖലകളായി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചറിഞ്ഞു. അതിഥികളായെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം ആതിഥേയരായ സേക്രഡ് ഹാര്‍ട്ട് എല്‍പിയിലെ വിദ്യാര്‍ഥികളും നൂതന അനുഭവങ്ങള്‍ കൂട്ടുചേരലില്‍ പങ്കിട്ടു. വിദ്യാര്‍ഥികള്‍ക്ക് വിഭവസമൃദ്ധമായ സദ്യയും വിളമ്പി. പതിപ്പ് നിര്‍മാണം, ഗ്രൂപ്പ് ക്രോഡീകരണം എന്നിവയും നടത്തി. വിവിധ കലാപരിപാടികളും അരങ്ങേറി.
സമാപനച്ചടങ്ങ് തലശ്ശേരി സൗത്ത് ബിപിഒ ശ്രീരഞ്ജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു മോഹന്‍ അധ്യക്ഷത വഹിച്ചു. സേക്രഡ് ഹാര്‍ട്ട് ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ സെലിന്‍, അണ്ടലൂര്‍ സ്‌കൂള്‍ പ്രധാനാധ്യാപിക തങ്കമ്മ, മുബാറക്ക എല്‍പി പ്രധാനാധ്യാപകന്‍ എം.കെ.മുഹമ്മദലി, സേക്രഡ് ഹാര്‍ട്ട് എല്‍പി പ്രധാനാധ്യാപിക സിസ്റ്റര്‍ പൂര്‍ണിമ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഉപഹാരമായി പുസ്തകങ്ങളും പോസ്റ്റ് കാര്‍ഡുകളും നല്‍കി.
















