ചെറുപുഴ: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ പൈലറ്റ് പ്രോജക്റ്റായി തുടങ്ങിയ പദ്ധതി സ്തംഭനാവസ്ഥയില്‍. സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് സമ്മറി റിവിഷന് ഇറങ്ങിപ്പുറപ്പെട്ട ബിഎല്‍ഒമാര്‍ പെരുവഴിയിലായി. നവംബര്‍ 15 മുതല്‍ 30 വരെ സമയമാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. അതാത് ബൂത്തിലെ വീടുകള്‍ കയറിയിറങ്ങി വോട്ടര്‍പ്പട്ടിക പരിശോധിക്കുകയും മരിച്ചവരെ ഒഴിവാക്കുകയും പതിനെട്ട് വയസ്സായ വോട്ടര്‍മാരുടെയും പ്രവാസി വോട്ടര്‍മാരുടെയും വിവരങ്ങള്‍ ശേഖരിക്കുകയും സ്ഥലത്തില്ലാത്തവോട്ടര്‍മാരെ നീക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്യണം. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ശേഖരിച്ച് പ്രത്യേക സൈറ്റില്‍ അപ് ലോഡ് ചെയ്യുകയാണ് പ്രധാന ജോലി.
സെര്‍വര്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുമ്പോള്‍ ലോഡ് കൂടി താങ്ങാനാവാത്തതല്ല, മൊബൈല്‍ ആപ്പിന്റെ ഗുണനിലവാരം കുറഞ്ഞതാണ് ആളുകളെ വട്ടംചുറ്റിക്കുന്നത്. രണ്ടാഴ്ചയോളമായിട്ടും ഒരു ദിവസം പോലും സൈറ്റ് പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചിട്ടില്ല.
വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനായി സര്‍ക്കാര്‍ സൈറ്റില്‍ കയറി സൈന്‍ അപ്പ് ചെയ്യണം. ഇതിനായി പ്രത്യേക യൂസര്‍ നെയിമും പാസ് വേര്‍ഡും ഓരോ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ സെര്‍വര്‍ തകരാറിലാകുന്നതിനാല്‍ സൈറ്റില്‍ കയറാന്‍ കഴിയുന്നില്ല. സൈറ്റില്‍ കയറിയാല്‍ തന്നെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് അപ്‌ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരിക്കും സെര്‍വര്‍ തകരാറിലാവുന്നത്. വീണ്ടും ആദ്യം മുതല്‍ ലോഗിന്‍ ചെയ്ത് തുടങ്ങണം. പ്ലീസ് വെയിറ്റ് എന്ന് എഴുതിക്കാണിച്ച് വട്ടം കറങ്ങി നില്‍ക്കുന്നതല്ലാതെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നാലും ഫലമില്ലാതാകും. വിവരങ്ങള്‍ പറഞ്ഞ് കൊടുക്കുന്ന ഗൃഹനാഥനും ബിഎല്‍ഒയും മുഖത്തോട് മുഖം നോക്കിയിരിക്കേണ്ട സ്ഥിതിയാണ്. മറ്റു പണികള്‍ക്ക് പോകാന്‍ കഴിയാതെ വീട്ടിലുള്ളവരും വിഷമിക്കുന്നു. പരിചയമുള്ള ബിഎല്‍ഒയെ ഇറക്കിവിടാനും കഴിയില്ല.
സൈറ്റ് ഓപ്പണാക്കി രണ്ടാഴ്ചയായിട്ടും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഏഴ് ദിവസത്തെ ഡ്യൂട്ടി ലീവിന് എഴുതിക്കൊടുത്ത് ഡ്യൂട്ടിക്കിറങ്ങിയത് വെറുതെയായെന്ന് ബിഎല്‍ഒമാര്‍ പറയുന്നു. അപേക്ഷാ ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പലരും. എന്നാല്‍ ഓരോ വീടിന്റെയും ജിപിഎസ് ഓണ്‍ലൈനായി രേഖപ്പെടുത്തുക എന്നത് പ്രധാനമാണ്. എഴുതി വിവരങ്ങള്‍ ശേഖരിച്ചാല്‍ ഇത് സാധ്യമാവില്ല. മൊബൈലിന് റേഞ്ച് ഇല്ലാത്തതും നെറ്റ് ഇല്ലാത്തതും പ്രശ്‌നം ഗുരുതരമാക്കുന്നു. സര്‍വ്വേയുടെ പ്രധാന ഉദ്ദേശ്യവും ഇത് തന്നെയാണ്. ഒരുപാട് സമയവും ഊര്‍ജ്ജവും പാഴാക്കുന്ന സമ്മറി റിവിഷന്റെ സര്‍വര്‍ തകരാറ് ഉടന്‍ പരിഹരിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
















