തലശ്ശേരി: കേസന്വേഷണത്തിനായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കിയ മാവോവാദി യുവതിയെ മൂന്നാം ദിവസം കോടതിയില്‍ തിരിച്ചേല്‍പിച്ച് പോലീസ് തടിയൂരി. കര്‍ണ്ണാടക പോലീസ് സേനക്ക് മുന്‍പില്‍ കഴിഞ്ഞ മാസം നിരുപാധികം കീഴടങ്ങിയ ചിക്കമഗലൂര്‍ സ്വദേശിനി കന്യയെന്ന കന്യാകുമാരിയെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തലശ്ശേരി ജില്ലാ കോടതി കേരളാ പോലീസിന് വിട്ടു നല്‍കിയത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ കൈക്കുഞ്ഞുമായി തടവില്‍ കഴിയുന്ന യുവതിയെ പോലീസിന്റെ അപേക്ഷയെ തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചാണ് തലശ്ശേരിയിലെത്തിച്ചിരുന്നത്. നേരത്തെ ആറളം ആദിവാസി കോളനിയില്‍ തോക്കുമായെത്തി ഒരു ഓട്ടോ െ്രെഡവരുടെ വീട്ടില്‍ കയറി ഭക്ഷണവും മറ്റും ശേഖരിച്ച് കാട്ടിലേക്ക് പോയതായുള്ള പരാതിയെ തുടര്‍ന്നാണ് കന്യയ്‌ക്കെതിരെ കേസുണ്ടായത്. കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ കന്യയുമായി പ്രത്യേക അന്വേഷണ സംഘം ആദിവാസി കോളനിയിലെത്തി കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായതിനാലാണ് ഒരു ദിവസം നേരത്തെ തിരികെ എല്‍പിച്ചത്. മാവോവാദി പ്രവര്‍ത്തനം മതിയാക്കി പോലീസിന് കീഴടങ്ങിയ കൈക്കുഞ്ഞേന്തിയ യുവതിയെ യന്ത്രത്തോക്കേന്തിയ കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കമാന്‍ഡോകളുടെ മധ്യത്തില്‍ ഇന്നലെ രാവിലെ വൈദ്യ പരിശോധനക്കായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇത് നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി മറി.
















