കാക്കനാട്: നിര്‍മ്മാണ സാമഗ്രികള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് മറ്റ് ജില്ലകളിലേക്ക് കടത്തിവിടുന്ന ക്വാറികളുടെ പാരിസ്ഥിതികാനുമതി മൂന്നു വര്‍ഷത്തേക്ക് റദ്ദാക്കുമെന്ന് കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മുന്നറിയിപ്പ്. ജില്ലയിലെ തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ പൊതുമരാമത്ത് ജോലികള്‍ക്ക് നിര്‍മാണ സാമഗ്രികളുടെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.
മുനിസിപ്പല്‍, ഗ്രാമപഞ്ചായത്തുകളില്‍ പൊതുമരാമത്ത് ജോലികള്‍ ഡിസംമ്പറില്‍ 70 ശതമാനം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്ന് ജനപ്രതിനിധികള്‍ കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടിയ വിലയ്ക്ക് നിര്‍മ്മാണ സാമഗ്രികള്‍ മറ്റ് ജില്ലകളിലേക്ക് കടത്തിക്കൊണ്ട് പോകുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കളക്ടര്‍ യോഗം വിളിച്ചത്.
കൃത്രിമ ക്ഷാമത്തിലൂടെ സാമഗ്രികളുടെ ലഭ്യത കുറച്ച് വില വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ ജോലികള്‍ക്ക് പോലും നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കല്ല്, എം സാന്‍ഡ്, മെറ്റല്‍ നിര്‍മ്മാണ സാമഗ്രികള്‍ ഇവയാണ് കൂടിയ വില ഈടാക്കി ക്വാറികളില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നത്. ജില്ലയിലെ നിര്‍മ്മാണങ്ങള്‍ക്ക് ഇവ ഉപയോഗപ്പെടുത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ പൊതുമരാമത്ത് ജോലികള്‍ക്ക് മുന്‍ഗണന നല്‍കണം. ലീസ് ഹോള്‍ഡര്‍മാരായിട്ടുള്ള, അഞ്ച് ഹെക്ടറിനു മുകളിലുള്ള, വന്‍കിട ക്വാറികള്‍ക്കും ഇതു ബാധകമായിരിക്കും. ക്വാറികളില്‍ നിന്ന് സാമഗ്രികള്‍ വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്ന ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നുവെന്ന് ജില്ലാ ഭരണകൂടത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടനിലക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പഞ്ചായത്ത് അനുമതി നല്‍കാത്ത ക്വാറികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്കാന് ജിയോളജി വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്കി.
30 കരിങ്കല്‍ ക്വാറികളും 15 മണ്ണ് ക്വാറികളുമടക്കം 45 ക്വാറികള്‍ക്കാണ് പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുള്ളത്. ഉത്പാദനത്തില്‍ കുറവ് വന്നിട്ടില്ലെന്നും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി വരികയാണെന്നും ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജില്ലയിലെ പൊതുമരാമത്ത് ജോലികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുന്നതിന് ക്വാറി ഉടമകള്‍ സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പറഞ്ഞു. ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ ഇമ്പശേഖര്‍, സീനിയര്‍ ജിയോളജിസ്റ്റ് രാമന് നമ്പൂതിരി, അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരായ ഡോ. ബദറുദ്ദീന്‍, ഡോ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: