പന്തളം: വൈദ്യുതി മന്ത്രി എം.എം. മണിയക്ക് പൈലറ്റ് പോകുകയായിരുന്ന പോലീസ് ജീപ്പ് നിയന്ത്രണംവിട്ടിടിച്ച് ഒരു സ്കൂട്ടര്‍ ഉള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിക്ക് പന്തളം എം.എം. ജംഗ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു മന്ത്രി. മന്ത്രിക്കു പൈലറ്റായി വന്ന പന്തളം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടമുണ്ടാക്കിയത്. മെഡിക്കല്‍ മിഷന് ജംഗ്ഷനിലെത്താറായപ്പോള് ജീപ്പിന്റെ മുന്നിലെ ബോള്‍ ജോയിന്റ് ഒടിഞ്ഞ് നിയന്ത്രണം വിടുകയായിരുന്നു. റോഡിനു വലതു വശത്തേക്കു പാഞ്ഞുകയറിയ ജീപ്പ് അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിലിടിച്ചു. മുന്നോട്ട നീങ്ങിയ ജീപ്പ് തൊട്ടടുത്ത ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന മാരുതി വാനിലിടിച്ചു നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച കാര്‍ ഇടിച്ചാണ് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ തകര്‍ന്നത്.
ഭാഗ്യംകൊണ്ടാണ് ആള്‍ക്കാര്‍ക്ക് അപകടമുണ്ടാകാതിരുന്നത്. തൊട്ടടുത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിറയെ ആര്ക്കാരുണ്ടായിരുന്നു. അവിടേയ്ക്കോ തിരക്കുണ്ടായിരുന്ന ഹോട്ടലിലേക്കോ ജീപ്പ് പാഞ്ഞുകയറിയിരുന്നെങ്കില് വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലും യാത്രക്കാരുണ്ടായിരുന്നില്ല. എറണാകുളത്തു നിന്നും വന്ന വാനിലുണ്ടായിരുന്നവര്‍ അപകടം നടക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പാണ് ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്കു കയറിയത്.
ഏറെ ഓടിത്തളര്‍ന്ന് ഉപയോഗയോഗ്യമല്ലാത്തതാണ് പന്തളം സ്റ്റേഷനിലെ അപകടത്തില്‍പ്പെട്ട ജീപ്പ്. ടയറുകള്‍ നാലും മൊട്ടയും. ഈ ജീപ്പില്‍ ജീവന് പണയം വച്ചാണ് പോലീസുകാര്‍ യാത്ര ചെയ്യുന്നത്. നല്ല കണ്ടീഷനിലുള്ള ജീപ്പുവേണമെന്ന് നിരവധി തവണ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പന്തളത്തെ പ്രത്യേക സാഹചര്യത്തില്‍ എപ്പോഴും നല്ല കണ്ടീഷനിലയുള്ള ജീപ്പുകള്‍ അത്യന്താപേക്ഷിതമാണ്. ഈ പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന, മിക്കവാറും രാഷ്ട്രീയ സംഘര്ഷങ്ങളുണ്ടാകാറുള്ള ഇലവുംതിട്ട ഇവിടെനിന്നും പത്തു കിലോമീറ്ററിലേറെ ദൂരെയാണ്. ശബരിമല തീര്ത്ഥാടക്കാലമായതിനാല് ആയിരങ്ങളാണ് ദിവസേന പന്തളത്തെത്തുന്നത്. എംസി റോഡിലൂടെ നിരവധി മന്ത്രിമാരാണ് മിക്ക ദിവസങ്ങളിലും കടന്നു പോകുന്നത്. ഇവര്‍ക്കെല്ലാം പറന്തല്‍ മുതല്‍ മുളക്കുഴ വരെ പൈലറ്റായി പോകേണ്ടതും ഇവിടുത്തെ പോലീസുകാരാണ്. എന്നിട്ടും പന്തളം പോലീസിന് കണ്ടം ചെയ്യാറായ ജീപ്പാണ് അനുവദിക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: