എടത്വാ: തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് കറുകത്തറ മധുവിനെയും, തുരുത്തുമാലില്‍ വര്‍ഗീസ് ഔസേഫിനേയും (ലിന്റോ-26) കൊല ചെയ്ത കേസിലെ പ്രതികളെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. ചെക്കിടിക്കാട് കാഞ്ചിക്കല്‍ മേബിന്‍ മാത്യു(മനു-24), കൂട്ടുപ്രതിയായ കാഞ്ചിക്കല്‍ ജോബിന്‍ ജോസഫ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.
ലിന്റോ വധക്കേസുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ് തുടങ്ങിയത്. ലിന്റോ ഒളിവില്‍ താമസിച്ചെന്ന് പോലീസ് പറയുന്ന ചെക്കിടിക്കാട്ടെ സ്വകാര്യ ട്യൂഷന്‍ സെന്ററും, സമീപത്തെ ആള്‍ താമസമില്ലാത്ത വീടുമാണ് പോലീസ് പരിശോധന നടത്തിയത്. സംഭവസ്ഥലത്തെത്തിച്ച പ്രതികള്‍ ഷിന്റോയെ കൊലപ്പെടുത്തിയ വിവരം പോലീസിനോട് വിവരിച്ചു. മരക്കമ്പുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്യൂഷന്‍ സെന്ററിന് പുറകുവശത്തെ വല്ലിശ്ശേരി പാടത്തിലുടെ വലിച്ച് ചെക്കിടിക്കാട്-പാണ്ടി റോഡില്‍ എത്തിച്ച് ഒമിനി വാനില്‍ കയറ്റിയെന്നാണ് പറഞ്ഞതെന്ന് പോലീസ് പറയുന്നു.
ഫോറന്‍സിക് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് ആരംഭിച്ചെങ്കിലും കൊലചെയ്യാന്‍ ഉപയോഗിച്ച മരക്കഷണം കണ്ടെത്താനായില്ല. വെള്ളം കയറിയ പുരയിടമായതിനാല്‍ സംഭവസ്ഥലത്ത് നിന്ന് കൂടുതല്‍ തെളിവുകളും ലഭ്യമായില്ല. ചെക്കിടിക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒമ്‌നി വാന്‍ പരിശോധിച്ച് രക്ത സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും തുടര്‍ പരിശോധനയ്‌ക്ക് ശേഷമേ സ്ഥിതീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു.
ഒമ്‌നി വാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെക്കിടിക്കാട്ടെ തെളിവെടുപ്പിന് ശേഷം പ്രതികളെ ഷിന്റോയുടെ അസ്ഥികൂടം കണ്ടെത്തിയ തകഴിയിലും തെളിവെടുപ്പിന് എത്തിച്ചു. കൂടൂതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. വരുംദിവസങ്ങളില്‍ അന്വഷണം ഈര്‍ജ്ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം.
മാന്നാര്‍ സിഐ വിദ്യാധരന്‍, ഫോറന്‍സിക് വിദഗ്‌ദ്ധ സി. ശീതള്‍, എടത്വാ എസ്‌ഐ തോമസ്, ഗ്രേഡ് എസ്‌ഐമാരായ ശിവപ്രസാദ്, ബൈജു, അസി. എസ്‌ഐ സതീശന്‍ എന്നിവര്‍ തെളിവെടുപ്പിന് എത്തിയിരുന്നു.
















