പുലാമന്തോള്‍: മഴക്കാലത്ത് വിരുന്നെത്തിയ ജലം തൂതപ്പുഴയോട് യാത്ര പറഞ്ഞ് പോയി കഴിഞ്ഞു. വേനലെത്താന്‍ മാസങ്ങള്‍ ഇനിയുമുണ്ടെങ്കിലും തൂതപ്പുഴയില്‍ ജലനിരപ്പ് തീരെയില്ല.
വേനലെത്തുന്നതിന് മുമ്പ് തന്നെ തൂതപ്പുഴയെ ആശ്രയിച്ച് നടക്കുന്ന കുടിവെള്ള പദ്ധതികള്‍ താളംതെറ്റുമോയെന്നാണ് ജനങ്ങളുടെ ആശങ്ക. മങ്കട, പെരിന്തല്‍മണ്ണ, പട്ടാമ്പി മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിലെയും പെരിന്തല്‍മണ്ണ അടക്കമുള്ള വിവിധ നഗരസഭകളുടെയും പരിധിയിലെ ചെറുതും വലുതുമായ അനവധി കുടിവെള്ള പദ്ധതികള്‍ ആശ്രയിക്കുന്നത് ഈ പുഴയെയാണ്.
ഒഴുക്ക് കുറയുന്നതോടെ വരും നാളുകളില്‍ തന്നെ കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം വരുത്തേണ്ടി വരുമെന്നുറപ്പായി. പുഴയില്‍ തടയണകളുള്ള മുതുകുര്‍ശ്ശി, പുലാമന്തോള്‍, കട്ടുപ്പാറ ഭാഗങ്ങളില്‍ മാത്രമാണ് കുടിവെള്ളപദ്ധതികള്‍ക്ക് തല്ക്കാലം മുടക്കമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുക. അനധികൃത മണലെടുപ്പും കയ്യേറ്റങ്ങളും കാരണം പുഴയിലെ മണല്മാറി ചളിയായിരിക്കുകയാണ്. ഇത് വെള്ളത്തില്‍ തുരുത്തുകള്‍ രൂപപ്പെടാന്‍ കാരണമായി. ആദ്യഘട്ടത്തില്‍ ചെറിയ തോതിലുണ്ടായിരുന്ന പുല്‍കാടുകള്‍ ഇപ്പോള്‍ വലിയ കാടുകളായിട്ടുണ്ട്.
സാധാരണ വേനല്‍ ആരംഭിച്ചതിന് ശേഷമാണ് തൂതപ്പുഴയിലെ നീരൊഴുക്ക് മുറിയാറുള്ളൂ. എന്നാല്‍ ഇത്തവണ മഴ മാറി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പുഴയില്‍ ജലനിരപ്പ് കുറഞ്ഞു. വേനല്‍ മഴകൂടി ചതിച്ചാല്‍ തൂതപ്പുഴയുടെ തീരപ്രദേശങ്ങള്‍ കൊടുംവരള്‍ച്ചയിലേക്ക് കൂപ്പുകുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: