പനജി: മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഒരു രജതരേഖ. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടി പാര്‍വതി മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ച നിമിഷം. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്ഐ) മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ മലയാളിയെന്ന ബഹുമതിയും പാര്‍വതിക്ക് സ്വന്തം.
മഹേഷ് നാരായണന് സംവിധാനം ചെയ്ത ‘ടേക്ക് ഓഫിലെ’ അഭിനയത്തിനാണ് ഈ അപൂര്‍വ നേട്ടം. ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്ള ഏക മലയാള ചിത്രം കൂടിയായിരുന്നു ‘ടേക്ക് ഓഫ്’. ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
ഇറാഖിലെ യുദ്ധഭൂമിയില്‍ അകപ്പെട്ട സമീറയെന്ന നഴ്സിനെയാണ് ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ചത്. പ്രതിസന്ധികളില്‍ തളരാതെ മുന്നേറുന്ന കേരളത്തിലെ എല്ലാ നഴ്സുമാര്‍ക്കും സ്ത്രീകള്‍ക്കുമായി അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് പാര്‍വതി പറഞ്ഞു.
ഉത്തര്‍പ്രദേശ് വനിതാക്ഷേമമന്ത്രി റീത്ത ബഹുഗുണ ജോഷിയാണ് പുരസ്കാരം സമ്മാനിച്ചത്. രജത മയൂരത്തിനൊപ്പം പ്രശസ്തിപത്രവും പത്തു ലക്ഷം രൂപയുമാണ് പുരസ്കാരം. സ്പെഷ്യല്‍ ജൂറി പുരസ്കാരമായി മഹേഷ് നാരായണനു പതിനഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു.
റൊബാന്‍ കപ്പീല്യോ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ‘120 ബീറ്റ്സ് പെര് മിനിറ്റ്’ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ മയൂരം നേടി. ഈ ചിത്രത്തിലൂടെ അര്‍ജന്റീനിയന്‍ താരം നയുവെല്‍ പെരെസ് ബിസ്കയര്‍ മികച്ച നടനായി. ഇന്ത്യന്‍ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം അമിതാഭ് ബച്ചന് സമ്മാനിച്ചു. ചടങ്ങില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: