തുറവൂര്‍: എരമല്ലൂര്‍ കുടപുറം ഫെറിയില്‍ ചങ്ങാടം മുടങ്ങുന്നതു പതിവായി. പഞ്ചായത്തുകളുടെ ചുമതലയില്‍ കരാരുകാരനാണു ഫെറിയില്‍ ചങ്ങാട സര്‍വീസ് നടത്തുന്നത്. നിരവധി വാഹനങ്ങളും, യാത്രക്കാരും നിത്യേന പോകുന്ന ഫെറിയാണിത്. എരമല്ലൂര്‍ ഭാഗത്തു ചെമ്മീന്‍ പീലിങ് ഷെഡുകളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെറിയിലൂടെയാണു യാത്രചെയ്യുന്നത്. ഇവിടെയുള്ള ചങ്ങാടം ബോട്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. ബോട്ട് പലപ്പോഴും തകരാറിലാകുന്നു. അരൂക്കുറ്റി പഞ്ചായത്ത് ചങ്ങാട സര്‍വീസ് കാര്യക്ഷമമാക്കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതികളുണ്ട്. തൃച്ചാറ്റുകുളം, ആഞ്ഞിലിത്തോട് , പെരുമ്പളം കവല തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് ഈ ഫെറിയിലൂടെ യാത്രചെയ്താല്‍ ദേശീയപാതയില്‍ എളുപ്പം എത്താന്‍ കഴിയും.ചങ്ങാടം കേടാകുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തോട് അധികൃതര്‍ മുഖം തിരിക്കുന്നു.
















