ആലപ്പുഴ: ഇന്ന് വയലാറില്‍ പാചക വാതക ടാങ്കര്‍ ചോരാം, പേടിക്കരുത്. രാസദുരന്തം നേരിടുന്നതിനുള്ള ജില്ലയുടെ ശേഷി പരിശോധിക്കുന്നതിനുള്ള മോക്ഡ്രില്ലാണ് ഇന്ന് രാവിലെ നടക്കുക. ദേശീയ പാതയില്‍ തങ്കി കവലയ്‌ക്കും വയലാര്‍ കവലയ്‌ക്കുമിടയിലാണ് മോക് ഡ്രില്‍. പാചകവാതക ടാങ്കറില്‍ വാതക ചോര്‍ച്ച ഉണ്ടാകുന്ന വ്യാജ സാഹചര്യം സൃഷ്ടിച്ചാണ് ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് മോക്ഡ്രില്‍ സംഘടിപ്പിക്കുക.
രാസദുരന്തം നടന്നാല്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികളുടെ ആവിഷ്‌കാരമാണ് നടക്കുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. തങ്കി കവലയ്‌ക്കും വയലാര്‍ കവലയ്‌ക്കുമിടയ്‌ക്കുള്ള പ്രദേശത്തെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലുള്ളവരെ ഒഴിപ്പിക്കും. ഇവരെ മാറ്റി താമസിപ്പിക്കുന്നതിന് എല്ലാ സൗകര്യങ്ങളോടുംകൂടി രണ്ടു കേന്ദ്രങ്ങള്‍ ഒരുക്കി.
മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം, വൈദ്യുതി വിതരണത്തില്‍ തടസ്സം എന്നിവ ഉണ്ടാകും. ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്നും കളക്ടര്‍ അറിയിച്ചു.
















