പത്തനംതിട്ട: ഗവിയിലെ സ്ക്കൂളിലും കാട്ടാനയുടെ അക്രമം.ഞായറാഴ്ച്ചരാത്രിയിലാണ് ഗവിയിലെ എല്‍പിസ്ക്കൂള്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റിഹാളില്‍ കാട്ടാനകയറി നാശനഷ്ടം വരുത്തിയത്. വാതില്‍ തകര്‍ത്ത് ഉള്ളില്‍കടന്ന കാട്ടാന കസേരയടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ചിരുന്ന അരിയടക്കമുള്ള സാധനസാമിഗ്രികളും നശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
വനവാസികുട്ടികളടക്കം ഗവിയിലെ കുട്ടികള്‍ക്ക് നാലാംക്ലാസുവരെ വിദ്യാഭ്യാസം നല്കുന്നതിനുള്ളസൗകര്യം മാത്രമാണ് ഇവിടെ ഉള്ളത്. കമ്മ്യൂണിറ്റി ഹാളിന് സമീപം സ്ക്കൂളിനായി കെട്ടിടം പണിതിട്ട് ഏറെനാളായെങ്കിലും ഇവിടെ ക്ലാസുകള്‍ ആരംഭിച്ചിട്ടില്ല. രണ്ടുപതിറ്റാണ്ടിലേറെയായി പണികഴിപ്പിച്ചകെട്ടിടത്തിന് ഇപ്പോള്‍ ബലക്ഷയം ഉണ്ടത്രേ. ഗവിയിലെ ലയങ്ങളിലും കാട്ടാനയുടെ ആക്രമണം പതിവാണ്. കഴിഞ്ഞ ആഴ്ച്ചയിലും വനവാസി വിഭാഗത്തില്‍പെട്ട കലേഷിന്റെ വീട് കാട്ടാന തകര്‍ത്തു. കടുവയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അടുത്തിടയായി വര്‍ദ്ധിക്കുന്നതായാണ് ഗവിനിവാസികള് പറയുന്നത്.
കാട്ടാനഅടക്കമുള്ള വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്നും രക്ഷനേടാനായി സൗരോര്‍ജ്ജവേലി ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കണമെന്ന് ഗവിനിവാസികളുടെ ആവശ്യത്തിനുനേരെ സര്‍ക്കാരും വനംവകുപ്പ് അധികൃതരും മുഖം തിരിക്കുന്നതായും പരാതിഉണ്ട്. വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം ഒരുക്കുന്നതിനുപകരം വനംവകുപ്പ് ചെക്ക് പോസ്റ്റുകള്‍ അടച്ച് സഞ്ചാരസ്വാതന്ത്ര്യം തടയുകയാണെന്നും അവര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: