കാക്കനാട്: കെബിപിഎസില്‍ ഉപയോഗശൂന്യമായി കെട്ടിക്കിടന്ന് നശിക്കുന്നത് 25 ലക്ഷത്തിലേറെ പാഠപുസ്തകങ്ങള്‍. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കെടുപ്പ് പോലും നടത്താതെ പുറന്തള്ളിയ പാഠപുസ്തകങ്ങളാണ് കെബിപിഎസ്സിന് പുറത്തെ ഗോഡൗണില്‍ മഴയും വെയിലും കൊണ്ട് ചിതലരിച്ച് നശിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വരെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന പാഠപുസ്തകങ്ങളാണ് സ്റ്റോറില്‍ സ്ഥലമില്ലെന്ന് പറഞ്ഞു മുന്‍ സിഎംഡി ടോമിന് ജെ. തച്ചങ്കരിയുടെ നിര്‍ദേശ പ്രകാരം പുറന്തള്ളിയത്. സര്‍ക്കാര്‍ മുഴുവന്‍ പണവും നല്കി അച്ചടി പൂര്‍ത്തിയാക്കിയ പാഠപുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ വിതരണം ചെയ്യാന്‍ പറ്റാതെ ഉപയോഗ ശൂന്യമായത്.
അച്ചടി പൂര്‍ത്തിയാക്കിയ പാഠപുസ്തകങ്ങള്‍ രണ്ട് വാല്യത്തില്‍ നിന്നും മൂന്ന് വാല്യമായതോടെ കോടികള്‍ ചെലവിട്ട് അച്ചടിച്ച പാഠപുസ്തകങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെയായി. ഇത് കൂടാതെ പാഠപുസ്തകങ്ങളില്‍ അച്ചടിച്ചിരുന്നത് എസ്സിഇആര്ടി മുന്‍ ഡയറക്ടറുടെ പേരാണ്. പുതിയ ഡയറക്ടറായപ്പോള്‍ പഴയ ഡയറക്ടറുടെ പേരുള്ള പുസ്തകങ്ങള്‍ വില്ക്കേണ്ടതില്ലെന്നുള്ള അധികൃതരുടെ നിര്‍ദേശം കൂടിയാതോടെ അച്ചടിച്ച പുസ്തകങ്ങളെല്ലാം വിതരണം ചെയ്യാന്‍ തടസ്സമായി.
പാഠപുസ്തകങ്ങള്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കാന്‍ ഇടയാക്കിയതിനെ ചൊല്ലി വിദ്യാഭ്യാസ വകുപ്പും കെബിപിഎസ് മാനേജ്മെന്റും പരസ്പരം പഴിചാരല്‍ വിവാദമായതിനെ തുടര്‍ന്നാണ് കണക്കെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കണക്കെടുപ്പ്് നടത്താന്‍ സര്‍ക്കാര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ എത്തുന്നതിന് മുമ്പ് തന്നെ പുറത്തെ ഗോഡൗണിലേക്ക് തള്ളിയ പാഠ പുസ്തകങ്ങള്‍ മഴയില്‍ ഏറെക്കുറെ നശിച്ചു കഴിഞ്ഞു. ഇതിനിടെ കെട്ടിക്കിടക്കുന്ന പാഠപുസ്തകങ്ങള്‍ ഏറ്റെടുക്കണമെന്ന് മാനേജ്മെന്റ് നിര്‍ദേശിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല.
എല്ലാവര്‍ഷവും പത്ത് ശതമാനം കൂടുതല്‍ അച്ചടിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യം അച്ചടിച്ചത് 2.88 കോടി പുസ്തകങ്ങളായിരുന്നു. ഇത് കൂടാതെ വീണ്ടും 66,000 പുസ്തകങ്ങള്‍കൂടി അച്ചടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: