ചേര്‍ത്തല: ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച കെട്ടിട നിര്‍മാണ തൊഴിലാളിയുടെ കുടുംബത്തെ സഹായിക്കാന്‍ നാട് കൈകോര്‍ത്തപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് സമാഹരിച്ചത് ആറേകാല്‍ ലക്ഷം രൂപ. കടക്കരപ്പള്ളി പഞ്ചായത്ത് തോട്ടങ്കര ഷാജിക്കുട്ടന്റെ കുടുംബത്തെ സഹായിക്കാനാണ് ജാതി, മത, രാഷ്‌ട്രീയ വ്യത്യാസമില്ലാതെ നാട് ഒന്നിച്ചത്. ഒക്‌ടോബര്‍ 23 ന് വയലാറില്‍ കെട്ടിട നിര്‍മാണ ജോലിക്കിടെയാണ് ഷാജിക്കുട്ടന്‍ കുഴഞ്ഞ് വീണ് മരിച്ചത്. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത മക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു ഷാജിക്കുട്ടന്‍. കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് കുടുംബ സഹായ നിധി രൂപീകരിച്ചത്. കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി. ഗഗാറിന്‍, പഞ്ചായത്ത് അംഗങ്ങളായ ബേബിച്ചന്‍, പ്രീജ ഫ്രാന്‍സീസ് എന്നിവര്‍ രക്ഷാധികാരികളായും പി.എഫ്. ജോര്‍ജുകുട്ടി ചെയര്‍മാനായും വി.വി. സുദര്‍ശനന്‍ ജനറല്‍ കണ്‍വീനറുമായാണ് സഹായനിധി രൂപീകരിച്ചത്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാല് ദിവസം കൊണ്ട് സമാഹരിച്ച തുക കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി. ഗഗാറിനും തങ്കിപ്പള്ളി വികാരി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തിവീട്ടിലും ചേര്‍ന്ന് ഷാജിക്കുട്ടന്റെ കുടുംബത്തിന് കൈമാറി.
















