അഗ്നിശമന സേനയുടെ
ആംബുലന്‍സ് കട്ടപ്പുറത്ത്
കായംകുളം. അഗ്‌നിശമന സേനയുടെ ആംബുലന്‍സ് ഇപ്പോഴും കട്ടപ്പുറത്ത്, റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയുടെ അടിയില്‍പെട്ട് കൈകള്‍ അറ്റുപോയ ആളെ ആശുപത്രിയിലെത്തിക്കാന്‍ ആര്‍പിഎഫിന് സ്വകാര്യ ആംബുലന്‍സ് എത്തുന്നതുവരെ കാത്തു നില്‍ക്കേണ്ടിവന്നു. ഇന്നലെ ഉച്ചക്ക് 12 മണിയോടെ കായംകുളം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. തീവണ്ടിവിട്ട ശേഷം മറന്നുവെച്ച ബാഗ് എടുക്കാനിറങ്ങിയ മുംബൈ സ്വദേശി അശോക് വൈ അതാക് (50) ബാഗ് എടുത്ത് തിരികെ കേറുന്നതിനിടയില്‍ പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ വീഴുകയായിരുന്നു. ഇരുകൈകളും അറ്റുപോയ നിലയില്‍ കാണപ്പെട്ട ഇയാളെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മധുസൂദനന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനായി ഫയര്‍ഫോഴ്സിന്റെ സഹായം തേടിയപ്പോഴാണ് ആംബുലന്‍സ് കട്ടപ്പുറത്താണെന്നുളള വിവരം ജീവനക്കാര്‍ അറിയിച്ചത്.
പിന്നീട് സ്വകാര്യ ആംബുലന്‍സിന്റെ സഹായം തേടുകയായിരുന്നു. ചോര വാര്‍ന്ന ഇയാളെ കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായതിനെ തുടര്‍ന്ന് അരമണിക്കൂറോളം സ്വകാര്യ ആംബുലന്‍സിന് വേണ്ടി കാത്തുനില്‍ക്കേണ്ടി വന്നു. രണ്ടുമാസമായി അഗ്‌നിശമന സേനയുടെ ആംബുലന്‍സ് അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിട്ടിരിക്കുകയാണ്. ഒരാഴ്ച മുമ്പ് കായംകുളം തിരുവല്ലാ സംസ്ഥാന പാതയില്‍ തീര്‍ത്ഥം പൊഴിച്ചാലുംമൂടിന് സമീപം ഹംപില്‍ കയറി നിയന്ത്രണം വിട്ട ലോറിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു. അന്നും റോഡില്‍ കിടന്ന മൃതദേഹം അരമണിക്കൂറിനു ശേഷം പോലീസ് സ്വകാര്യ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
















