എടത്വാ: ആറ് പതിറ്റാണ്ട് പിന്നിട്ട കോവണിപ്പാലം അപകട നിലയില്‍. തകഴി തെന്നടി – ചിറയകം നിവാസികള്‍ ആശ്രയിക്കുന്ന പടഹാരം തോടിന് കുറുകെയുള്ള പാലമാണ് അപകട കെണിയിലായത്.
പാലത്തിന്റെ കേഡറും പലകയും കാലപ്പഴക്കത്താല്‍ ദ്രവിച്ച് വീണു. ഒരു വര്‍ഷമായി പാലം പൂര്‍ണ തകര്‍ച്ചയില്‍ എത്തിയിട്ട്.
പ്രദേശത്തേയ്‌ക്ക് മൃതദേഹം എത്തിക്കാന്‍ പോലും തകര്‍ന്നുവീഴാറായ ഈ പാലം ഗ്രാമവാസികള്‍ക്ക് ആശ്രയിക്കണം. തകഴി പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, 13 വാര്‍ഡുകളിലെ ഗ്രാമവാസികള്‍ മറുകര എത്താനുള്ള ഏക മാര്‍ഗം കൂടിയാണ് ഈ പാലം.
പൂര്‍ണ തകര്‍ച്ചയിലെത്തിയ പാലം പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ തകഴി പഞ്ചായത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ അവഗണിക്കുകയാണുണ്ടായത്. സഹികെട്ട ജനങ്ങള്‍ എം.പിക്കും, എംഎല്‍എയ്‌ക്കും പരാതി നല്‍കിയെങ്കിലും ജനപ്രതിനിധികള്‍ നാട്ടുകാരുടെ ദുരിതം കണ്ടില്ലെന്ന് നടിച്ചു.
പാലത്തിന്റെ പുനര്‍ നിര്‍മാണം ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
















