പത്തനംതിട്ട: ജില്ലയിലെ നാട്ടിന്‍പുറങ്ങളില്‍ വരെ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നാളുകളായി കര്‍ഷകര്‍ ഈആവശ്യം ഉന്നയിക്കുന്നെങ്കിലും അധികൃതര്‍ നിസംഗത പുലര്‍ത്തുന്നു.
ഇപ്പോള്‍ ജനപ്രതിനിധികളും വിഷയം ഉന്നയിച്ചതോടെ സജീവചര്‍ച്ച ആയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ വികസനസമിതി യോഗത്തിലെ പ്രധാനവിഷയം കാട്ടുപന്നി ശല്യത്തെ സംബന്ധിച്ചായിരുന്നു. റാന്നി, കോന്നി വനമേഖലകളോടു ചേര്‍ന്നുള്ള കാര്‍ഷികമേഖലയിലാണ് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിട്ടുള്ളത്. വനമേഖലയില്‍ നിന്നു കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലുംവരെ കാര്‍ഷിക മേഖല കാട്ടുപന്നിയില്‍ നിന്നു ശല്യം നേരിടുന്നുണ്ട്. കാര്‍ഷികവൃത്തിയില്‍ നിന്നും പലരും പിന്‍വാങ്ങുന്ന സ്ഥിതിയും ഇതോടെ സംജാതമായി.
ഉള്കാട്ടില്നിന്നു പുറത്തിറങ്ങിയിരിക്കുന്ന പന്നിക്കൂട്ടം പകല്‍ കുറ്റിക്കാടുകള്‍ താവളമാക്കുകയാണ്. നാട്ടിന്‍പുറങ്ങളിലേക്ക് ഇവയുടെ ശല്യം വരാന്‍ ഇതു കാരണമായി. പുലര്‍ച്ചെയും രാത്രിയിലും ഇവ പ്രധാന റോഡുകളില്‍ ഇറങ്ങിനടക്കുന്നതിലൂടെ കാല്‍നടയാത്രക്കാര്‍ക്കു നേരെ ആക്രമണമുണ്ടാകാറുണ്ട്. ഇരുചക്രവാഹനങ്ങളും പന്നിയെ പേടിച്ചാണ് പോകുന്നത്. കാട്ടുപന്നി ശല്യത്തില്‍ നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്ക്കൊന്നും ചെയ്യാനാകുന്നില്ലെന്ന് മന്ത്രിതല യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പരാതിപ്പെട്ടു. എന്നാല്‍ കാട്ടുപന്നി ശല്യം ഒഴിവാക്കാനാവശ്യമായ പദ്ധതികള്‍ തയാറാക്കുന്നതില്‍ തെറ്റില്ലെന്നും ഇവയ്ക്ക് അംഗീകാരം നല്‍കാവുന്നതാണെന്നുമാണ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞത്.
ജില്ലയില്‍ വനമേഖലയില്‍ മാത്രമല്ല, നാട്ടിന് പുറങ്ങളിലും പന്നിയുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്നും ഇവയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെടിവയ്ക്കുന്നതിന് അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കണമെന്നും രാജു ഏബ്രഹാം എംഎല്‍എ ജില്ലാ വികസനസമിതി യോഗത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വന്യമൃഗശല്യം കുറയ്ക്കുന്നതിന് സോളാര്‍ വേലിയുടെ നിര്‍മാണം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കണം. വളരെ ഗുരുതരമായ സ്ഥിതിയാണുള്ളത്. പലയിടത്തും കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്നും പരിഹാരം വേണമെന്നും എംഎല്‍എ പറഞ്ഞു.
പകല്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന പന്നികള്‍ രാത്രിയില്‍ പുറത്തിറങ്ങി കിഴങ്ങു വര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോത്പന്നങ്ങള്‍ നശിപ്പിക്കുന്നുണ്ടെന്ന് റാന്നി ഡിഎഫ്ഒ പറഞ്ഞു. റാന്നി വനം ഡിവിഷനു കീഴില്‍ 23 കിലോമീറ്റര്‍ ദൂരം സോളാര്‍ വേലി നിര്‍മിക്കുന്നതിന് 18 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. 120 കിലോമീറ്റര്‍ സ്ഥലത്ത് എങ്കിലും സോളാര്‍ വേലി നിര്‍മിച്ചെങ്കിലേ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളെന്നും ഡിഎഫ്ഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: