പന്തളം: എല്ലാ വേദനകളും മറന്ന് സുനു സാബു ഇന്ന് ചിലങ്ക കെട്ടി ഭരതനാട്യമാടും; സുനുവിനു വേണ്ട ഊര്‍ജ്ജം പകര്‍ന്നു കൊണ്ട് ജീവന് നിലനിര്‍ത്താനായി ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇന്‍സുലിന്‍ പമ്പും ഒപ്പമുണ്ടാകും. കുരമ്പാല പുത്തന്‍കാവില്‍ ഭഗവതിക്കു മുമ്പിലാണ് ഇന്നു രാത്രി 7.30നു നടക്കുന്ന നൃത്തസന്ധ്യയില്‍ ശ്രീനാഗേശ്വര നൃത്ത സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയായ സുനു എല്ലാം ദു:ഖങ്ങളും മറന്ന് അരങ്ങേറ്റം കുറിക്കുന്നത്.
ഈവര്‍ഷം പന്തളം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തില്‍ നാടോടി നൃത്തത്തിലും കഥാരചനയിലും ഒന്നാം സ്ഥാനം നേടിയ സുനു സംസ്കൃതം ഗദ്യം ചൊല്ലലില്‍ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ വര്‍ഷം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡും നേടിയിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ നൃത്തത്തോട് അതീവ താല്പര്യം കാട്ടിയിരുന്ന സുനു സംസ്കൃതത്തെയും ഏറെ ഇഷ്ടപ്പെടുന്നു. പഠനത്തിലും ഒന്നാം സ്ഥാനക്കാരിയായ കുട്ടിയെ ഫീസ് വാങ്ങാതെ നൃത്തം പഠിപ്പിക്കുന്ന നൃത്ത സംഗീത വിദ്യാലയം ഡയറക്ടര്‍ നാഗലക്ഷ്മി എസ്.കുറുപ്പ് എല്ലാ കാര്യത്തിലും കുട്ടിക്ക് താങ്ങും തണലുമാണ്.
പന്തളം കുരമ്പാലയില്‍ 10 സെന്റ് സ്ഥലത്ത് ടാര്‍പാളിന്‍ കൊണ്ടു നിര്‍മ്മിച്ച സ്നേഹഭവന് എന്ന കൊച്ചു കുടിലാണ് സുനുവിന്റെ വാസം. ഡ്രൈവറായ സാബു ജോര്‍ജ്ജിന്റെയും തയ്യല്‍ ജോലി ചെയ്യുന്ന അനുവിന്റെയും രണ്ടാമത്തെ മകള്‍. ചേച്ചി ആര്യാ സാബു ബിബിഎ രണ്ടാം വര്‍ഷം പഠിക്കുന്നു. പെരുമ്പുളിക്കല്‍ എസ്ആര്‍വി യുപി സ്കൂളിലെ 7ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് സുനു.
സാധാരണ കുട്ടികളേപ്പോലെ ഓടിക്കളിച്ചു നടന്ന സുനുവിനെ തീരാവേദനയിലേക്കു തള്ളിയിട്ടുകൊണ്ട് പനി വരുന്നത് ആറാം വയസ്സിലാണ്. ചികിത്സകൊണ്ടു പനി കുറഞ്ഞെങ്കിലും 20 കിലോ ഉണ്ടായിരുന്ന സുനുവിന്റെ ശരീരഭാരം 15 കിലോയായി കുറഞ്ഞു. പരിശോധനയില്‍ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് അപകടകരമായ തരത്തില്‍ കൂടുകയും കുറയുകയും ചെയ്യുന്നതായി കണ്ടെത്തി. 30നും 200നും ഇടയ്ക്കാണ് ഇത് വ്യത്യാസപ്പെട്ടുകൊണ്ടിരുന്നത്. ചികിത്സ തുടരവെ, ആഹാരത്തില്‍ നിന്നും ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന പാന്‍ക്രിയാസ്ഗ്രന്ഥി പ്രവര്‍ത്തന രഹിതമായി. ഈ രോഗം കുട്ടികള്‍ക്കുണ്ടാക്കുന്നത് അത്യപൂര്‍വ്വമാണ്. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ജബ്ബാറിനെ സമീപിച്ചു. അദ്ദേഹമാണ് കുട്ടിക്ക് ലണ്ടനില്‍ നിന്നും ഇന്‍സുലിന്‍ പമ്പ് വരുത്തി ശരീരത്തില്‍ ഘടിപ്പിച്ചത്. പത്തനംതിട്ട ജില്ലയില്‍ത്തന്നെ ആദ്യമായാണിത്.
ഇതിന് അന്ന് മൂന്നര ലക്ഷം രൂപയാണ് ചിലവായത്. കുടുംബശ്രീ പ്രവര്‍ത്തകരും ബന്ധുക്കളുമാണ് അതിനു സഹായിച്ചത്. ഇന്‍സുലിന്‍ നിറയ്ക്കുന്ന ഈപമ്പ് ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിച്ച് 24 മണിക്കൂറും ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ നല്കിക്കൊണ്ടിരിക്കും. ഇതിനുള്ള മരുന്നും ലണ്ടനില്‍ നിന്നാണ് വരുത്തുന്നത്. ഒരു സെക്കന്‍ഡു പോലും മുടങ്ങിയാല്‍ ജീവന് അപകടത്തിലാകും. അതിനാല്‍ അനുവിന് ഉറക്കത്തിലും മകളേക്കുറിച്ചു മാത്രമാണ് ചിന്ത. 4 വര്‍ഷം കാലാവധിയുള്ള പമ്പ് ദൈവാനുഗ്രഹത്താലാണ് ഇപ്പോഴും പ്രവര്ത്തിക്കുകുന്നതെന്നാണ് അനു പറയുന്നത്. പുതിയ പമ്പിന് 6 ലക്ഷം രൂപയിലും മുകളിലേക്കാണ് ഇപ്പോഴത്തെ വില.
13,000 രൂപയാണ് മരുന്നിന് ഒരു മാസം ചിലവ്. തയ്യല്‍ ജോലിയില്‍ നിന്നും അനുവിനോ ഡ്രൈവറായ സാബുവിനോ മകളുടെ ചികിത്സാ ചിലവ് കണ്ടെത്താന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ പറന്തല്‍ ഓര്‍ത്തഡോക്സ് പള്ളിയും ഭദ്രാസനവും ഇവരുടെ തുണയ്ക്കെത്തി. ഒന്നേമുക്കാല്‍ ലക്ഷം രൂപ നല്‍കിയാണ് ഇവരെ സഹായിച്ചത്. രാമന്‍ചിറയിലെ ശ്രേയസ് എന്ന സംഘടന ഓരോ മാസത്തേക്കുമുള്ള വീട്ടുസാധനങ്ങള്‍ മുടങ്ങാതെ എത്തിച്ചു കൊടുക്കുന്നതും ഇവര്‍ക്കു സഹായമാണ്.
കുട്ടിക്ക് അനുയോജ്യമായ പാന്‍ക്രിയാസ് ഗ്രന്ഥി മാറ്റി വയ്ക്കുകയാണ് ഈ രോഗത്തിനുള്ള പ്രതിവിധി. എന്നാലിത് പൂര്‍ണ്ണമായും വിജയിക്കണമെന്നുമില്ല. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ രണ്ടു പേര്‍ക്ക് പ്രാന്‍ക്രിയാസ് ഗ്രന്ഥി മാറ്റിവച്ചെങ്കിലും പരാജയമായിരുന്നെന്ന് അനു പറയുന്നു. ഇവിടെ ഡ്രൈവറുടെ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം തുച്ഛമായതിനാല്‍ സാബുവിപ്പോള്‍ 4 മാസമായി സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഇപ്പോഴത്തെ ദുരവസ്ഥയില്‍ നിന്നും അല്പമെങ്കിലും കരകയറാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് ഈ കുടുംബമിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: