എന്തെങ്കിലും വിതച്ച് എങ്ങനെയെങ്കിലും വിളവെടുത്ത് പത്ത് കാശുണ്ടാക്കുന്ന രീതി കാര്‍ഷിക മേഖലയില്‍ വര്‍ധിച്ചിരിക്കുകയാണെന്നാണ് കര്‍ഷകനായ തൃശൂര്‍ ചെറൂര് വലിയവീട്ടില്‍ ജോസഫ് എന്‍.നൈനാന്റെ അഭിപ്രായം. റെയില്‍വേ ഉദ്യോഗസ്ഥനായിരിക്കെ തന്നെ നല്ലൊരു കര്‍ഷകനായി അറിയപ്പെടാനായിരുന്നു ആഗ്രഹം. തൃശൂരില്‍ സ്റ്റേഷന് മാസ്റ്ററായിരിക്കെ സ്റ്റേഷന് സമീപം പൂന്തോട്ടവും വിവിധതരം മുളകളും നട്ടുവളര്‍ത്തിയിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയ കര്‍ഷകനായിരിക്കുകയാണ് ജോസഫ്. വരുമാനമല്ല കര്‍ഷനെന്ന പേരിനോടാണ് താത്പര്യമെന്ന് ജോസഫ് പറയുന്നു.
പരിമിതമായ സ്ഥലത്ത് വിശാലമായി കൃഷിചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അതും ഇടവിളക്കൃഷി തന്നെ വേണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് അച്ഛന് തൊടുപുഴയിലെ കാളിയാറില്‍ ചെയ്തിരുന്ന അതേ കൃഷിതന്നെയാണ് ചേറൂരിലെ തന്റെ വീട്ടില്‍ ജോസഫ് ചെയ്തുവരുന്നത്. വീടിനോട് ചേര്‍ന്നുള്ള നാലേക്കര്‍ പാടശേഖരത്ത് ആദ്യം ആദ്യം ചെയ്തത് നെല്‍കൃഷി. പരീക്ഷണമെന്ന നിലയിലാണ് പാടത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരമ്പുകള്‍ നിര്‍മ്മിച്ച് പച്ചക്കറി കൃഷിചെയ്തത്.
മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരുടെ നിര്‍ദ്ദേശമനുസരിച്ച് കൃഷിചെയ്തപ്പോള്‍ രണ്ടിലും നൂറ് മേനി വിളവ്. ആറു ടണ്‍ നെല്ല് സപ്ലൈകോയ്ക്ക് വിറ്റു. ക്വിന്റല്‍കണക്കിന് പച്ചക്കറി വിളവെടുത്തു. സാധാരണ പാടശേഖരത്ത് നെല്‍കൃഷി ചെയ്യുമ്പോള്‍ മറ്റ് കൃഷി ചെയ്യറില്ല. പച്ചക്കറി കൃഷിചെയ്താല്‍ അത് നെല്ലിനെ ദോഷകരമായി ബാധിക്കുമെന്ന ഭയമാണ് പലര്‍ക്കും. എന്നാല്‍ മികച്ച വരുമാനമുണ്ടാക്കാന്‍ ഇടവിള കൃഷിയിലൂടെ സാധിക്കുമെന്ന് ജോസഫ് തെളിയിച്ചു. നാലുമാസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കുന്ന പച്ചക്കറികള്‍ പാടശേഖരത്ത് നടാന്‍ ശ്രദ്ധിച്ചാല്‍ മതി. പാടശേഖരത്തിന്റെ ഇടവരമ്പുകള്‍ അല്‍പ്പം ഉയര്‍ത്തി നിര്‍മ്മിക്കുക മാത്രമാണ് ജോസഫ് ചെയ്തത്.
മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും നല്കിയ വിവിധയിനം പയറുകള്‍, വെണ്ട, പടവലം, കുമ്പളം, ചുരയ്ക്ക, പീച്ചില്‍, പാവല്‍, കോവല്‍ എന്നിവയാണ് നെല്ലിനൊപ്പം പാടവരമ്പില്‍ കൃഷിചെയ്യുന്നത്. പയറ്, വെണ്ട, പാവല്‍, കോവല്‍ തുടങ്ങിയവ ആഴ്ചയില്‍ മൂന്ന് തവണ വിളവെടുക്കാം. പയറില്‍ നിന്നും വെണ്ടയില്‍ നിന്നും മികച്ച വരുമാനം നേടിയെടുക്കാന്‍ സാധിക്കും. തൃശൂരില്‍ കോള്‍ നിലങ്ങളായതുകൊണ്ട് പാടത്തുതന്നെ കൃഷിചെയ്യാം. പാലക്കാടും ഇതേ രീതിയില്‍ കര്‍ഷകര്‍ക്ക് പച്ചക്കറി കൃഷി ചെയ്യാം.
ആലപ്പുഴ ജില്ലയിലെ നെല്പാടങ്ങള് പച്ചക്കറി കൃഷിയ്ക്കു അനുയോജ്യമല്ല. എന്നാല്‍ ചിറയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പയറ്, വെള്ളരി തുടങ്ങിയവ കൃഷിചെയ്യാമെന്നും ജോസഫ് പറഞ്ഞു.
മട്ടുപ്പാവില്‍ തണല്‍ വിരിച്ച് ഔഷധ സസ്യങ്ങള്‍
പാടശേഖരത്തെ കൃഷി വിജയം കണ്ടതോടെയാണ് വീടിന്റെ ടെറസില്കൂടി കൃഷി വ്യാപിപ്പിക്കാന്‍ ജോസഫ് തീരുമാനിച്ചത്. ആദ്യം ഔഷധ സൗസ്യങ്ങള് കൃഷിചെയ്യുകയായിരുന്നു. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ മുറ്റത്ത് പാഷന്‍ഫ്രൂട്ട് നട്ട് അവയുടെ വള്ളികള്‍ ടെറസിലേക്ക് പടര്‍ത്തി.
പാഷന്‍ഫ്രൂട്ടിന്റെ വള്ളികള്‍ പന്തല്രൂപത്തില് പടര്‍ന്ന ശേഷം കറ്റാര്‍വാഴ, മഞ്ഞള്‍, തിപ്പലി തുടങ്ങിയ ഔഷധ സസ്യങ്ങള്‍ ടെറസിന്റെ ഒരുഭാഗത്ത് പൂര്‍ണ്ണമായും കൃഷിചെയ്തു.
ശേഷിക്കുന്ന ഭാഗത്ത് ഇഞ്ചി, വെണ്ട, തക്കാളി, മല്ലി, വഴുതന, വിവിധയിനം മുളകുകളും കൃഷിചെയ്യുന്നു. പൂര്‍ണ്ണമായും ജൈവവളങ്ങള്‍ ഉപയോഗിച്ചാണ് കൃഷി. ആവശ്യക്കാര്‍ പച്ചക്കറികള്‍ വീട്ടില്‍ വന്ന് വാങ്ങുകയാണ് പതിവ്. വടക്കാഞ്ചേരിയില്‍ വാങ്ങിയ പുരയിടത്തില്‍ ജാതിക്കൃഷി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. കൃഷിയില്‍ ജോസഫിനെ സഹായിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥയായി വിരമിച്ച ഭാര്യ മേരിയും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: