ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഹിന്ദുപത്രത്തില്‍ തിരുച്ചിറപ്പള്ളിക്കടുത്ത് ശ്രീരംഗത്തെ കാവേരി നദിയിലുള്ള ദ്വീപില്‍ സ്ഥിതിചെയ്യുന്ന രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ പുതുക്കിപ്പണി പൂര്‍ത്തിയാക്കപ്പെട്ട പ്രധാന ഗോപുരത്തിന്റെ ഗംഭീരവും മനോഹരവുമായ ചിത്രം കാണാനിടയായി. ദക്ഷിണഭാരതത്തിലെ വൈഷ്ണവര്‍ക്ക് പരമപ്രധാനമായ ആരാധനാലയമാണ് രംഗനാഥസ്വാമിയുടേത്. പതിനഞ്ചു നിലകളുള്ള ഗോപുരം തമിഴ്നാട്ടിലെ ശില്പകലയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതും വിശ്രുതരായ ശില്പികളും കലാകാരന്മാരും മൂന്നു നാലു ദശകങ്ങള്‍കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതുമാണ്. ഇത്രയും ബൃഹത്തായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച എല്ലാവിധ മാലിന്യങ്ങളും നൂറ്റാണ്ടുകളായി ആ മഹാസമുച്ചയത്തില്‍ അടിഞ്ഞുകൂടിയിരുന്ന അഴുക്കുകളും നാലു പ്രാകാരങ്ങള്ക്കുള്ളില് വളര്‍ന്നുവന്നിരുന്ന അനധികൃത നിര്‍മിതികളുമെല്ലാം നീക്കംചെയ്ത് ശാസ്ത്രീയ ശുചീകരണ രീതികളും ഏര്പ്പെടുത്തിയിരിക്കുന്നുവത്രേ. ദക്ഷിണദേശങ്ങളിലെന്നല്ല സമസ്ത ഭാരതത്തിലും ഏറ്റവും വലിയ ക്ഷേത്രങ്ങള്‍ക്കിടയില്‍ എണ്ണപ്പെട്ട സ്ഥാനമാണ് ശ്രീരംഗത്തിനുള്ളത്. പറയിപെറ്റ പന്തിരുകുലത്തിലെ തിരുവരങ്ങത്തു പാണനാരുടെ ആസ്ഥാനം അവിടെയായിരുന്നുവെന്നും പഴമയുണ്ട്.
ഹിന്ദു പത്രത്തിലെ ആ മനോഹരചിത്രവും വിവരണങ്ങളും വായിച്ചപ്പോള്‍ ഏതാണ്ട് ആറു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തിരുച്ചിറപ്പള്ളിയില്‍ നടന്ന സംഘശിക്ഷാവര്‍ഗിനിടെ ഒരു ദിവസം ക്ഷേത്രദര്‍ശനം നടത്തിയതോര്മിച്ചു. അന്നു പ്രസ്തുത ഗോപുരത്തിന്റെ ആനവാതിലിന്റെ ഉയരംവരെയേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മൈസൂരിലെ ടിപ്പുസുല്‍ത്താന്റെ തിരുച്ചി പിടിച്ചടക്കാനുള്ള പുറപ്പാടില്‍ ശ്രീരംഗം തകര്‍ക്കാനുള്ള ഒരുക്കത്തിന്റെ തുടക്കമായിരുന്നു ആ ഗോപുരം പീരങ്കി പ്രയോഗത്തിലൂടെ തകര്‍ത്തത്. അപ്പോഴേക്കും മൈസൂരിലെ തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിലേക്ക് ബ്രിട്ടീഷ് പട നീങ്ങുകയാണെന്ന വിവരം കിട്ടിയതിനാല്‍ സുല്‍ത്താന്‍ ഉപരോധം നിര്‍ത്തി തിരക്കിട്ട് മടങ്ങിപ്പോയത്രേ. അങ്ങിനെ പോയത് തന്റെ രാജധാനിയിലെ രംഗനാഥക്ഷേത്രം രക്ഷിക്കാനായിരുന്നെന്നും മതേതരഭാഷ്യമുണ്ട്.
കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ ഔപചാരിക പരിപാടിയായിത്തന്നെ ടിപ്പുജയന്തി ആഘോഷിക്കുന്നതിനിടെ ഹിന്ദുപത്രം ശ്രീരംഗം ക്ഷേത്രത്തെക്കുറിച്ച് ഇത്ര മനോഹരമായ ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചു. അതില്‍ ടിപ്പുവിന്റെ ആക്രമണവും ക്ഷേത്രധ്വംസനവും പരാമര്‍ശിക്കാതിരുന്നത് ‘മതേതര’ ക്രഡന്‍ഷ്യല്‍ ഉറപ്പിക്കാന്തന്നെയാവും എന്നേ വിചാരിക്കാനാവൂ. കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയന്തി ആഘോഷങ്ങളിലൂടെ മതേതരക്കമ്പം അരക്കിട്ടുറപ്പിക്കുകയും ആസന്നമായ തെരഞ്ഞെടുപ്പിലെ മുസ്ലിം വോട്ടുകള്‍ ഉറപ്പിക്കുകയുമാണ് ചെയ്തത്.
ഹൈദരുടെയും ടിപ്പുവിന്റെയും ആക്രമണങ്ങളുടെ തീവ്രതയും കെടുതികളും വിനാശവും ഏറ്റവും അനുഭവിക്കേണ്ടിവന്ന പ്രദേശമാണ് കാസര്‍കോട് മുതല്‍ പെരിയാര്‍ തീരംവരെയുള്ള ഉത്തരകേരളം. രാജാ കേശവദാസ് എന്ന തിരുവിതാംകൂര്‍ ദിവാന്റെയും രാമവര്‍മ എന്ന ധര്‍മരാജാവിന്റെയും ധൈര്യവും നയതന്ത്രജ്ഞതയും, യുദ്ധതന്ത്രങ്ങളുംകൊണ്ടു മാത്രമായിരുന്നു പെരിയാറിനു തെക്കുള്ള കേരളം ആ ദുരന്തം നേരിട്ടനുഭവിക്കാനിടയാകാതിരുന്നത്. എന്നാല്‍ മലബാറില്‍നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിനാളുകള്‍ക്ക് ആ ഭാഗങ്ങളില്‍ അഭയം ലഭിക്കുകയും അവരും പിന്മുറക്കാരും ആ പ്രദേശങ്ങളില്‍ തങ്ങളുടെ മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശാസ്താംകോട്ടയ്ക്കടുത്ത് കോഴിക്കോടും തെക്കന്‍ ഗുരുവായൂരും പോലെ അനേകം സ്ഥലങ്ങള്‍ വേറെയുമുണ്ടല്ലോ.
മൈസൂര്‍ സുല്ത്താന്മാരുടെ ആക്രമണങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അനുഗ്രഹമായിരുന്നുവെന്നും, ക്ഷേത്രധ്വംസനം നടത്തുകയല്ല ക്ഷേത്രങ്ങള്‍ക്ക് ധനം അങ്ങോട്ട് നല്‍കുകയായിരുന്നുവെന്നും വിചിത്രമായ ചില ചരിത്രഭാഷ്യങ്ങളുണ്ട്. ഇവിടത്തെ ഹിന്ദുക്കളുടെ വിശേഷിച്ചും നായന്മാരുടെയും നമ്പൂതിരിമാരുടെയും പ്രാകൃതവും അമാനവീയവുമായ ആചാരങ്ങളെയും ജീവിതരീതികളെയും പരിഷ്കരിക്കാനാണ് ടിപ്പു തുനിഞ്ഞതെന്നും മറ്റുമുള്ള ചരിത്രങ്ങള്‍ മെനഞ്ഞെടുക്കാനുള്ള പരിശ്രമങ്ങള്‍ കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി നടന്നുവരികയാണ്. മഞ്ചേരിയിലും നാദാപുരത്തും ഗുരുവായൂരിനടുത്തും താമസിച്ചുകൊണ്ട് ടിപ്പു നടത്തിയ ക്രൂരമായ ഹിന്ദു വിധ്വംസന നടപടികള്‍ ചരിത്രരേഖകളാണ്. മഞ്ചേരി ഡിക്രി ഏറ്റവും ക്രൂരവുമായിരുന്നു.
ബേപ്പൂരിനു തെക്ക് ചാലിയം കൈവശപ്പെടുത്തിയ ശേഷം കടല്‍ത്തീരത്തെ മുക്കുവന്മാരെയൊക്കെ വരുത്തി ആ സമുദായം ഒന്നടങ്കം ഇസ്ലാംമതം സ്വീകരിക്കാന്‍ ഫര്മാന് നല്കിയതും, താനൂരിലെ കോര്‍മന്‍ കടപ്പുറമൊഴികെ എല്ലാവരും അതനുസരിക്കേണ്ടിവന്നതും ചരിത്രമാണ്. അങ്ങിനെ ചാലിയംമുതല് പൊന്നാനി കടപ്പുറം തെക്ക് പാലപ്പെട്ടി വരെ കടല്‍ത്തീരം കോര്‍മന്‍ കടപ്പുറമൊഴികെ എഴുപത് കിലോമീറോളം പൂര്‍ണമായും ഇസ്ലാമീകരിക്കപ്പെട്ടു. 1960കളില്‍ താനൂര്‍ കടപ്പുറത്തെ ഹിന്ദുക്കളെയും ഭരണാധികാരത്തണലില് മുസ്ലിംഭീഷണിയുയര്ത്തി പലായനം ചെയ്യിച്ചു. അവര്‍ അഭയാര്‍ത്ഥികളെപ്പോലെ ബേപ്പൂരിലും വെള്ളയിലും മറ്റുമായി കഴിയുന്നു. ബേപ്പൂരിനടുത്ത് മാറാട് കൂട്ടക്കൊലയ്ക്കു വിധേയരായതും അവര്‍തന്നെയായിരുന്നു.
ടിപ്പുവിന്റെ ആക്രമണത്തിന്റെയും ക്രൂരതയുടെയും ചിഹ്നങ്ങള്‍ ഇന്നും മാഞ്ഞുപോകാത്തവയില് ചിലത് സംഘപ്രചാരകനായും പിന്നീടും നേരിട്ടു കാണാന്‍ അവസരമുണ്ടായി. കാസര്‍കോടിന് വടക്കു കിഴക്ക് പ്രസിദ്ധമായ മധൂര്‍ സിദ്ധിവിനായക ദേവസ്ഥാനത്ത് ദര്‍ശനത്തിന് പോയിരുന്നു. ആ മഹാക്ഷേത്രം പ്രദക്ഷിണം ചെയ്യുന്നതിനിടെ ഒരു ഉപക്ഷേത്രത്തിന്റെ കവാടത്തിന്റെ കട്ടളപ്പടിയില്‍ വെട്ടുകൊണ്ട പാട് അടയാളപ്പെടുത്തിയിരിക്കുന്നു. ടിപ്പു സുല്‍ത്താന്റെ വാള്‍കൊണ്ട് വെട്ടേറ്റതാണ് ആ പാട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം ജീര്ണാവസ്ഥയില് ഇന്നും കാണാം. അതിനപ്പുറത്തെ കുന്നിന്മുകളില്നിന്ന് ടിപ്പുവിന്റെ സൈന്യം പീരങ്കിവെച്ചു തകര്ത്തതായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. ഉത്തരകേരളത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രമാണത്. അതിന്റെ ഉടമസ്ഥരായ ബ്രാഹ്മണര്‍ പ്രതിനിധികളെ അയച്ച് വേണ്ടവിധം സല്‍ക്കരിച്ച് ബാക്കി ക്ഷേത്രത്തെ സംരക്ഷിച്ചുവെന്നാണ് ഒരു സ്ഥലവാസി പറഞ്ഞത്. ക്ഷേത്രനശീകരണമല്ല ധനസമ്പാദനമായരുന്നു ഇത്തരം ആക്രമണങ്ങള്‍ക്ക്പിന്നില്‍ എന്ന വാദം ഇതുമൂലമാവാം. ടിപ്പുവിനെ ഓര്‍മിപ്പിക്കുന്ന ഒരു പ്രധാന സ്ഥലമാണ് വയനാട്ടിന്റെ കവാടമായി കരുതപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി. ബ്രിട്ടീഷുകാര്‍ സുല്‍ത്താന്‍സ് ബാറ്ററി എന്നാണ് സ്ഥലത്തിന് പേര് പറഞ്ഞത്. എന്നാല്‍ അവിടം പരമ്പരാഗതമായി ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്നു. അരനൂറ്റാണ്ടുകള്‍ക്കു മുമ്പ് വലിയ വാണിജ്യകേന്ദ്രവും, ഹിന്ദു-ജൈന ജനപദവുമായിരുന്നു. അവിടെ മഹാഗണപതിക്ഷേത്രം സ്ഥിതിചെയ്തു. മലബാര്‍ ആക്രമണത്തിനെത്തിയ ടിപ്പു ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തെ ഒരു പീഠപ്രദേശത്ത് തന്റെ പീരങ്കിനിരകളും വെടിപ്പുരകളും സ്ഥാപിച്ച് ക്ഷേത്രം വെടിവച്ചു തകര്‍ത്തുകൊണ്ടാണ് മലബാര്‍ ആക്രമണം തുടങ്ങിയത്.
1970 വരെ തകര്‍ന്ന നിലയില്‍ ആ ക്ഷേത്രവും സമീപത്ത് തീര്ത്ഥക്കുളവുമുണ്ടായിരുന്നു. ബത്തേരിയില്‍ ഞാന്‍ ആദ്യം സന്ദര്‍ശിച്ചത് തകര്‍ന്ന ഗണപതിവട്ടമായിരുന്നു. നാലു കോല് ഉയരം വരുന്ന ഗണപതി ശിലാവിഗ്രഹത്തിന്റെ കൈയും കാലും തുമ്പിക്കൈയും ചിതറിക്കിടന്നിരുന്നു. കൊളത്തൂര്‍ ആശ്രമത്തിലെ ഗുരുവരാനന്ദസ്വാമികളുടെ ആശീര്‍വാദത്തോടെ അന്നാട്ടുകാരുടെ അക്ഷീണ പരിശ്രമഫലമായാണ് ഇന്നവിടെ ഉയര്ന്നുനില്ക്കുന്ന മഹാഗണപതി ക്ഷേത്രം. കൂട്ടത്തില്‍ പറയട്ടെ ആ ക്ഷേത്രമായി അവിടത്തെ സ്ഥിതി മനസിലാക്കിയതില്നിന്നാണ് മലബാര്‍ ക്ഷേത്രസംരക്ഷണ സമിതിക്കുപ്രചോദനമായത്. അതു കേരളത്തിലെ ക്ഷേത്രപുനരുദ്ധാരണ മഹായജ്ഞത്തിന്റെ ആരംഭമായി. പക്ഷേ ആ സ്ഥലത്തിന്റെ ഗണപതിവട്ടം എന്ന പഴയ പേരും ഔപചാരികമായി വീണ്ടെടുക്കാന്‍ മതേതരത്തിന് മനസ്സില്ല. ഇപ്പോഴും അത് സുല്‍ത്താന്റെ ബത്തേരിതന്നെ.
തലശ്ശേരിയിലെ പ്രസിദ്ധമായ ഒവങ്ങാട്ട് ശ്രീരാമസ്വാമി ക്ഷേത്രവും ടിപ്പുവിന്റെ പീരങ്കി പ്രേയാഗത്തിനു വിധേയമായി എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിനു മുന്നിലുള്ള കുന്നില്നിന്നായിരുന്നുവത്രേ പ്രയോഗം. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം തകര്‍ന്ന നിലയില്‍ തറയും കരിങ്കല്‍ ആനവാതിലും മാത്രമായി ഇന്നും കാണാനുണ്ട്. ചെങ്കല്‍കൊണ്ട് പില്ക്കാലത്തു നിര്‍മിച്ച കൊത്തളം പോലത്തെ പണികളും കാണാനുണ്ട്. പടിഞ്ഞാറേ ഗോപുരത്തിന്റെയും തറ മാത്രമേ ഇപ്പോള്‍ കാണാനുള്ളൂ. ടിപ്പു സുല്‍ത്താന്റെ മതേതര പ്രവര്‍ത്തനങ്ങളുടെ ദിഗ്ദര്ശനമാണിതൊക്കെ. വ്യത്യസ്തമായ ഒരു ധ്വംസനംകൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഏതാണ്ട് മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആലുവയ്ക്കടുത്ത് കൂനമ്മാവ് പള്ളിയില്‍ നടന്ന വര്‍ത്തമാന പുസ്തകമെന്ന ആദ്യ മലയാള യാത്രാവിവരണഗ്രന്ഥം രചിച്ച പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ മുന്നൂറാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. ഫാ. അടപ്പൂര്, എ.സി. ജോസ്, മേഘാലയ ഗവര്‍ണറായിരുന്ന എം.എ. തോമസ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.
സ്വാഗതം പറഞ്ഞ അവിത്തെ പള്ളിവികാരി, കൂനമ്മാവ് പള്ളിയുടെ ചരിത്രം പറയുന്ന കൂട്ടത്തില്‍ ടിപ്പുസുല്‍ത്താന്‍ ആലുവാ മണപ്പുറത്തു പാളയമടിച്ച കാലത്ത് നശിപ്പിച്ച പള്ളി പുനര്‍നിര്‍മ്മിച്ചതാണ് നിലവിലുള്ളത് എന്ന് പ്രസ്താവിച്ചു. ടിപ്പുവിന്റെ ഹിന്ദുമതവിദ്വേഷത്തോടൊപ്പം കടുത്ത ക്രിസ്തുമത വിദ്വേഷത്തെയും വികാരിയച്ചന് വിമര്‍ശിച്ചിരുന്നു. ക്രിസ്തുമതവും ഇസ്ലാമും യൂറോപ്പിലും പശ്ചിമേഷ്യയിലും നിലനിര്‍ത്തിവന്ന പകയും ശത്രുതയും ചരിത്രവസ്തുതയാണ്. അബിസീനിയന്‍ വംശജന് കൂടിയായിരുന്ന ടിപ്പുവിന് അതു കുറവാകാനിടയില്ല. സാമുവല്‍ ഹണ്ടിങ്ഡന് സിദ്ധാന്തിക്കുന്ന നാഗരികതകളുടെ സംഘര്‍ഷം.
വോട്ടിനുവേണ്ടിയുള്ള കൊതിമൂക്കുമ്പോള്‍ കര്‍ണാടകത്തിലെ മാത്രമല്ല, കേരളത്തിലേയും മതേതരക്കാര്‍ എന്തും ചെയ്യുമെന്നു വ്യക്തമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തതാണ് ടിപ്പുവിന്റെ രാജ്യസ്നേഹത്തിനു തെൡവ്. ഭാരതം ആക്രമിക്കാന്‍ ക്ഷണിച്ചുകൊണ്ട് നെപ്പോളിയന്റെ സദസ്സിലേക്കു പ്രതിനിധികളെ അയച്ച് സഹായ വാഗ്ദാനം ചെയ്തത് ‘രാജ്യസ്നേഹം’ കൊണ്ടാകുമായിരിക്കും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: