തിരുവല്ല: മണ്ഡലകാലം തുടങ്ങിയിട്ടും കറ്റോട് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നതിന് പ്രതിവിധിയായിട്ടില്ല. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് മൂന്നാഴ്ചയോളമാകുന്നു. ഈമാസം രണ്ടിനാണ് മിക്സര്‍ യൂണിറ്റ് വാഹനം തോട്ടിലേക്ക് പതിച്ച് പാലത്തിന്റെ ഒരുവശത്തെ കൈവരികള്‍ പൂര്‍ണമായും തകര്‍ന്നിരുന്നത്.
തകര്‍ന്ന ഭാഗങ്ങളില്‍ കാലിവീപ്പ വച്ച് ഇപ്പോള്‍ പ്രതിരോധം തീര്‍ത്തിരിക്കുകയാണ്. ഇപ്പോഴും അപായസൂചനയുള്ള ബോര്‍ഡുകളോ ഇന്‍ഡിക്കേറ്ററുകളോ വച്ചിട്ടില്ല. മാത്രമല്ല രാത്രികാലങ്ങളില്‍ വേണ്ട വെളിച്ചമോ മറ്റ് സൗകര്യങ്ങളോ ഇവിടെ ഇല്ലാത്തതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മണ്ഡലകാലം തുടങ്ങിയതോടെ വാഹനങ്ങളുടെ ബാഹുല്യം കൂടുകയും ചെയ്തു.
പാലം മുഴുവനായി പൊളിച്ചുപണിയണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിന് ഇപ്പോള്‍തന്നെ ഒരു വശത്തേക്ക് ചരിവുണ്ടെന്ന് നാട്ടുകാര്‍ അന്നേ പറഞ്ഞിരുന്നു. മണ്ഡലകാല സമയമായതിനാല്‍ മറ്റ് അപകടസാധ്യതകള്‍ ഏറിവരുന്നു. രാത്രികാലങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇതിലേ പോകുന്നുണ്ട്. അതിനാല്‍ അടിയന്തരമായി പാലം പുതുക്കി പണിയാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ മന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ വേണ്ടവിധം ഇടപെട്ടില്ലന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: