അത്യാവശ്യം സാറ്റ്ലൈറ്റ് കിട്ടും. പിന്നെ നൂറുകണക്കിനു തിയറ്റര്‍ ഷോകള്‍. കൈ നഷ്ടം വരില്ല. ലാഭം കിട്ടിയില്ലെങ്കിലും ഒരു നിര്മാതാവായെന്ന് അഭിമാനിക്കാമല്ലോ. പുതിയ തട്ടിക്കൂട്ടു സിനിമാക്കാര് നിര്‍മാതാവിനെ കുപ്പിയിലാക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഒടുക്കം നിര്‍മാതാവ് ആത്മഹത്യ ചെയ്യാതിരിക്കാന്‍ വല്ല തട്ടുകടയുമിട്ട് ജീവിക്കേണ്ടി വരും. സിനിമാക്കാര് അടുത്ത നിര്‍മാതാവിനെ പിടിക്കാനുള്ള തരികിടകളുമായി ചുറ്റിക്കറങ്ങും.
സിനിമയെ രക്ഷപെടാന്‍ അനുവദിക്കില്ലെന്ന വാശിയിലാണെന്നു തോന്നുന്നു നമ്മുടെ ന്യൂജന്‍ വെട്ടിക്കൂട്ടു സിനിമാക്കാര്. എങ്ങനേയും സിനിമയെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ഇത്തരക്കാര്‍ നിര്‍മാതാക്കളെ കെണിയില്‍ വീഴ്ത്താനുള്ള സൂത്രങ്ങളാണ് സിനിമയെക്കാള്‍ വലുതെന്ന വിശ്വാസക്കാരാണ്. സിനിമയ്ക്കു സമ്മതം മൂളിയാല്‍ അന്നു തുടങ്ങും സിനിമാക്കാരുടെ മലമൂത്ര വിസര്‍ജനം നിര്‍മാതാവിന്റെ ചെലവില്‍. രണ്ടു കോടി പറഞ്ഞാലത് അഞ്ചുകോടിയാക്കും. അഞ്ചു പറഞ്ഞാല്‍ പത്തുകോടിയാക്കും. പണമുള്ളവന് നശിപ്പിക്കപ്പെടേണ്ട ബൂര്ഷ്വയാണെന്നു വിശ്വസിക്കുന്ന മലയാളിയുടെ ജീര്‍ണ്ണ സംസ്ക്കാരം ഏറ്റവും കൂടുതല്‍ നിറഞ്ഞു നില്‍ക്കുന്നത് സിനിമയിലാണെന്നു തോന്നുന്നു.
മാസങ്ങളോളം മലയാള സിനിമ അനുഭവിച്ച ദാരിദ്യം മാറിയെന്നു ചില സിനിമകളുടെ വിജയം കൊണ്ടു വിശ്വസിച്ചിരിക്കുമ്പോഴാണ് അടുത്തിടെ അഞ്ചാറു സിനിമകള്‍ വാലക്കുവാലേ തറപ്പരുവത്തില് എട്ടുനിലയില്‍ പൊട്ടുന്നത്.സോളോ, വിശ്വവിഖ്യാതരായ പയ്യന്മാര്, സഖറിയാപോത്തന് ജീവിച്ചിരിപ്പുണ്ട്, ഒരു ദുബായ്ക്കാരന്. ലവ കുശ, ഗൂഢാലോചന, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവ സിനിമയെടുത്തു പഠിക്കാനെന്നപോലെ പ്രേക്ഷകരെ കൊന്നുകൊലവിളിച്ച ചിത്രങ്ങളാണ്. തിരക്കഥ,സംവിധാനം എന്നിവയുടെ നേരെ പേരുകള്‍ കാണാമെങ്കിലും അത്തരം പണികള്‍ക്കൊന്നും ഇവരെ പറ്റില്ലെന്നു തെളിയിക്കുക കൂടിയായിരുന്നു ഇവര്‍. ഇതില്‍ ചിലരാകട്ടെ ഇത്തരം പണികളില്‍ പേരെടുത്തവരുമാണ്. പേരെടുത്താല്പിന്നെ എന്തുമാകാമെന്ന അഹങ്കാരത്തിനു കുറവില്ലാത്തതുകൊണ്ടാവണം ഇത്തരം പണികിട്ടിയത്. പ്രേക്ഷകന് മണ്ടനാണെന്നു വിചാരിക്കുന്ന ബുദ്ധിമാന്ദ്യം ഇത്തരക്കാര്‍ക്കു സംഭവിച്ചാല്‍ ഇങ്ങനെയിരിക്കും.
ജാമ്പവാന്റെ കാലത്തുപോലും ഇല്ലാത്ത തറക്കോമഡികള്കൊണ്ട് വിചിത്രമായ പോക്കണംകേട് എങ്ങനെ കാട്ടാമെന്നാണ് ഈ ചിത്രങ്ങള്‍ വിശദമാക്കുന്നത്. കോമഡി എന്നപേരില്‍ ചിരിക്കാനോ കരയാനോ കഴിയാതെ വിമ്മിട്ടപ്പെട്ടാണ് കാണികള്‍ തിയറ്ററില്‍ നിന്നുമിറങ്ങുന്നത്. പുതിയ ജനുസിലെ ചില കോമഡിത്താരങ്ങള് ചിരിപ്പിക്കാന്‍ പങ്കപ്പാടുപെടുമ്പോള് കാണികള്‍ വിളിച്ചു പറയുന്ന വിമര്‍ശനങ്ങളിലെ കോമഡികളാണ് അതിനെക്കാള്‍ രസം. കോമഡിക്കഥയുണ്ടെങ്കില് ഡേറ്റുതരാമെന്നു പറഞ്ഞു നടക്കുന്ന കോമഡിക്കാരുടെ വലിയ നിരതന്നെയുണ്ട് ഇപ്പോള്‍ മലയാളത്തില്‍. ഇല്ലാത്ത കാശുകൊടുത്തു സിനിമ കാണാന്‍പോകുന്നത് കോമഡി കാണാന്‍ മാത്രമാണെന്നു ഇതുകേട്ടാല്‍ തോന്നും. കോമഡി എങ്ങനേയും ചെയ്യാവുന്ന അറുവഷളന്‍ പരിപാടി എന്നാണോ ഇവരുടെ ധാരണ. നര്മമെന്നാല് മഹത്തായ അനുഭവമാണ്. അതറിയാന്‍ അത്തരം മനസുംവേണം.ഉപരിപ്്ളവമായ ജീവിതവും അനുഭവ രാഹിത്യവും ഉള്ളവര്ക്കതു മലസിലാവുകയുമില്ല.
കക്കനും കഷായവുമില്ലാത്ത കഥയും തിരക്കഥയുംകൊണ്ട് സിനിമ എങ്ങനെ പരാജയപ്പെടുത്താമെന്നാണ് ഇത്തരം ചിത്രങ്ങള്‍ വിളിച്ചു കൂവുന്നത്. തിരക്കഥ എന്നാല്‍ തിര കഥയാണോ എന്നും ചിലര്‍ക്കു സംശയംതോന്നാം. തങ്ങളെത്തന്നെ നായകരാക്കി പൊലിപ്പിച്ച്് ഇത്തരം തിര കഥ എഴുതി സിനിമയെ കട്ടപ്പുകയാക്കാന് ക്വട്ടേഷന്‍ എടുത്ത ചില താരങ്ങളുമുണ്ട്്.ഏതെങ്കിലും വഴിക്ക് ഒരു സിനിമ വിജയിച്ചാല്‍ അഹങ്കാരംകൊണ്ട് കഴുത്ത് ആകാശത്തോളം ഉയര്‍ത്തുന്ന ചില വെട്ടിക്കൂട്ടുകാരുടെ കക്ഷത്തിലാണെന്നു തോന്നുന്നു ഇന്നത്തെ മലയാള സിനിമയുടെ കഴുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: