പൂക്കോട്ടുംപാടം: ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സ്റ്റാന്‍ഡിനെ നോക്കുകുത്തിയാക്കി റോഡിലൂടെ ബസുകള്‍ ചീറിപായുന്നു.
പൂക്കോട്ടുംപാടത്താണ് ബസ് കയറാത്ത ഈ ബസ് സ്റ്റാന്‍ഡ്. 1994 നാലില്‍ പഞ്ചായത്ത് ഭരണസമിതിയാണ് പൂക്കോട്ടുംപാടം ഹൈസ്ക്കൂളിനോട് ചേര്‍ന്ന് ബസ്സ് സ്റ്റാന്‍ഡും ഷോപ്പിംങ് കോപ്ലക്സും നിര്‍മ്മിച്ചത്. എന്നാല്‍ സ്റ്റാന്‍ഡിലേക്കുള്ള വഴിയുടെ പ്രശ്നങ്ങള്‍ പറഞ്ഞ് ബസ്സുകള്‍ ഇവിടേക്ക കയറാതെയായി.
ഒടുവില്‍ ബസ് സ്റ്റാന്‍ഡ് വേണ്ടന്ന് വെക്കുകയും യാത്രക്കാര്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കെഎസ്ഇബി ഓഫീസാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന കടമുറികള്‍ ഇന്നും അനാഥമായി കിടക്കുകയാണ്. ആകെയുള്ള എട്ടുമുറികളില്‍ രണ്ട് മുറികള്‍ കൃഷിഭവന്റെ നാളികേര സംഭരണ കേന്ദ്രമായും ക്ഷീരസംഘത്തിന്റെ ഗോഡൗണായും ഉപയോഗിച്ചിരുന്നു.
ബാക്കിയുള്ള മുറികള്‍ ഇപ്പോഴും വെറുതെ കിടക്കുകയാണ്. ഇതൊന്ന് നവീകരിച്ചാല്‍ പഞ്ചായത്തിന് സ്ഥിര വരുമാനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. രണ്ടാംനില കൂടി നിര്‍മ്മിക്കാവുന്ന തരത്തിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പൊതുവേ വികസനകാര്യത്തില്‍ താല്പര്യമില്ലാത്തവരാണ് പൂക്കോട്ടുംപാടം പഞ്ചായത്ത് ഭരിക്കുന്നത്. പൂക്കോട്ടുംപാടത്ത് പുതുതായി അനുവദിച്ച ഗവ.കോളേജിനും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാടക കെട്ടിടങ്ങള്‍ തേടി പോകുമ്പോഴും പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വെറുതെ കിടന്ന് നശിക്കുന്ന കെട്ടിടം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല.
പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സംരക്ഷിക്കാതെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് മാറിമാറി വരുന്ന ഭരണകൂടങ്ങള്‍. പുതുതായി ഉണ്ടാക്കുന്ന ഓരോ നിര്‍മ്മിതിക്കും കമ്മീഷന് ഇനത്തില്‍ കരാറുകാരില്‍ നിന്ന് വാങ്ങുന്ന കോഴ പണത്തിലാണ് ഓരോ ജനപ്രതിനിധിയുടെയും കണ്ണ്.
പണം ധൂര്‍ത്തടിക്കുന്ന അധികാരവര്‍ഗ്ഗം പാവപ്പെട്ടവന് നല്കുന്ന നികുതി പണമാണ് നശിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: