തിരുവല്ല: ജനകീയ പ്രതിഷേധവും മാധ്യമ വാര്‍ത്തകളും തലേവേദനയായതിനെ തുടര്‍ന്ന് പനച്ചമൂട്ടില്‍ കടവ് പാലത്തിന് സാങ്കേതിക അനുമതി.
ഇനി ടെന്‍ഡര്‍ നടപടികള്‍കൂടി പൂര്‍ത്തിയാക്കിയാല്‍ പണികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് മന്ത്രി മാത്യൂ.ടി. തോമസ് പറഞ്ഞു. പാലം പൂര്‍ത്തിയാകുന്നതോടെ എംസി റോഡില്‍ തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര ചെയ്യാന്‍ സാധിക്കും. കുറ്റൂരില്‍ നിന്നും തെങ്ങേലി ചക്രക്ഷാളനകടവ്, ശ്രീവല്ലഭക്ഷേത്രം, കാവുംഭാഗം വഴി എടത്വ, ആലപ്പുഴ ഭാഗങ്ങളിലേക്കും മുത്തൂരിലെത്തി ചങ്ങനാശേരി ഭാഗത്തേക്കും തിരിച്ചും പോകാന്‍ സാധിക്കും
.4 കോടി 99 ലക്ഷം രൂപയുടെ ഭരണാനുമതിയുമായി കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് 2009ല്‍ പണികള്‍ ആരംഭിച്ചതാണ്. എന്നാല്‍ സ്ഥലം എംഎല്‍എയും മന്ത്രിയുമായ മാത്യൂ ടി.തോമസ് വിഷയത്തില്‍ വേണ്ട ഇടപെടല്‍ നടത്താഞ്ഞതുമൂലം നിര്‍മ്മാണം പാതിവഴിയില്‍ അടഞ്ഞു.പാലത്തിന്റെ നിര്‍മാണം നാലു വര്‍ഷം മുന്‍പ് പൂര്‍ത്തിയായെങ്കിലും അനുബന്ധ റോഡ് നിര്‍മിക്കാന്‍ കഴിഞ്ഞിരുന്നില്ല. റോഡിന്റെ ഒരു ഭാഗം മണ്ണിട്ടുയര്‍ത്തിയിട്ടുണ്ട്. മറ്റേ ഭാഗത്ത് ഏണി വച്ച് ഇറങ്ങുകയാണ് ചെയ്യുന്നത്. ഈ ഭാഗത്ത് 100 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മിക്കുന്നത്. മണ്ണിട്ടുയര്‍ത്തിയ ഭാഗത്ത് 45 മീറ്റര്‍ റോഡാണ് വേണ്ടത്.
അനുബന്ധ റോഡിന്റെ ഇരുഭാഗത്തും സംരക്ഷണഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് ടാറിങ് നടത്തും. പാലത്തിന്റെ ഇരുവശവും റോഡ് തുടങ്ങുന്നത് വലിയ വളവോടുകൂടിയാണ്. റോഡ് പൂര്‍ത്തിയാകുന്നതോടെ എട്ടുവര്‍ഷം നീണ്ട ദുരിതത്തിനാണ് പരിഹാരമാകുന്നത്. കുറ്റൂര്‍ പഞ്ചായത്തിന്റെ ഒന്ന്, 14 വാര്‍ഡുകളെ ബന്ധിപ്പിച്ച് മണിമലയാറ്റിലാണ് പാലം. പാലം പണി പൂര്‍ത്തിയായെങ്കിലും സമീപനപാതയ്ക്കായി സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ പണി അനന്തമായി നീളുകയായിരുന്നു. സൗജന്യമായി സ്ഥലം ലഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ നല്‍കിയിരുന്ന ഉറപ്പ് വസ്തു ഉടമകളില്‍ ചിലര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് നബാര്‍ഡ് പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു.
നബാര്‍ഡ് പദ്ധതി ആയിരുന്നതിനാല്‍ ബജറ്റ് ശീര്‍ഷകം ഇല്ലാതെയിരുന്നത് പണി തുടരുന്നതിനു സാങ്കേതികതടസ്സമാകുകയും, പദ്ധതി വീണ്ടും സാദ്ധ്യമാക്കി ഭരണാനുമതി നേടിയെടുക്കുന്നതിന് നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥനയിലൂടെ പുതിയ ബജറ്റ് ശീര്‍ഷകം രൂപപ്പെടുത്തുന്നതുള്പ്പെടെയുള്ള സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ വേണ്ടിവരികയും ചെയ്തു. രണ്ടാഴ്ചയ്ക്കകംതന്നെ സാങ്കേതിക അനുമതിയും നേടിയെടുക്കാനായതിലൂടെ പ്രദേശത്തിന്റെ വലിയൊരു പ്രതീക്ഷയാണ് ഉയിര്ത്തെഴുന്നേല്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: