തിരൂര്‍: അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഭാരതപ്പുഴയില്‍ നിന്ന് വ്യാപകമായി മണലൂറ്റുന്നു. പുഴയോരങ്ങള്‍ കേന്ദ്രീകരിച്ച് റവന്യൂ വിഭാഗവും പോലീസും നിരീക്ഷണം കര്‍ശനമാക്കി. ഇതര സംസ്ഥാനങ്ങളില്‍നിന്നു കെട്ടിട നിര്‍മാണ പണികള്‍ക്ക് എത്തിയ തൊഴിലാളി സംഘങ്ങളാണ് ഭാരതപ്പുഴയില്‍നിന്നു മണല്‍ കടത്തുന്നത്.
പകല്‍ സമയത്തെ പണിക്കു ശേഷം രാത്രിയാകുന്നതോടെ മാഫിയ സംഘങ്ങള്‍ ഏര്‍പ്പെടുത്തിയ തോണിയുമായി പുഴയിലെത്തിയാണ് ഇതര സംസ്ഥാനക്കാര്‍ മണലെടുക്കുന്നത്. ഒരു തോണി മണലിന് നിശ്ചിത തുക പറഞ്ഞുറപ്പിക്കുന്നതാണ് രീതി.
ഭാരതപ്പുഴയില്‍ ജലനിരപ്പ് താഴ്ന്നത് മുതലെടുത്ത് രാത്രിയേറെ വൈകിയും മണല്‍ എടുക്കുന്നുണ്ടെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അധികം വരുമാനം ലഭിക്കുന്നതിനാല്‍ ഭാരതപ്പുഴയോട് ചേര്‍ന്നു ക്വാട്ടേഴ്സുകളിലും മറ്റും താമസിക്കുന്ന ഒട്ടേറെ ഇതര സംസ്ഥാനക്കാര്‍ മണല്‍ കടത്തിന് എത്തുന്ന സ്ഥിതിയാണ്.
തിരുനാവായ, തൃപ്രങ്ങോട്, പെരുന്തല്ലൂര്‍, ചമ്രവട്ടം, പുറത്തൂര്‍ എന്നിവിടങ്ങളില്‍ ഇത്തരം മണലൂറ്റ് വ്യാപകമായി നടക്കുന്നുണ്ടെന്നാണ് വിവരം.
നിരോധനമുള്ള ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിജിനു സമീപത്തുനിന്നും മണല്‍ എടുക്കുന്നുണ്ട്. ഇത് റഗുലേറ്ററിന്റെ ചോര്‍ച്ച വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തൃപ്രങ്ങോട് പള്ളിക്കടവില്‍നിന്നു 35 ലോഡ് മണല്‍ പരിശോധന സംഘം പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: