വിഴിഞ്ഞ: അഞ്ചുസ്വര്‍ണവും ഒരുവെള്ളിയും ലഭിച്ച ആത്മവിശ്വാസത്തോടെ ദേശീയ മത്സരത്തിന്റെ തയ്യാറെടുപ്പുകളിലാണ് ജെ.എസ്. ഹരികൃഷ്ണന്‍ തലശേരിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ഈ കൊച്ചുമിടുക്കന്‍ മിന്നുന്നപ്രകടനം കാഴ്ച വച്ചത്. പങ്കെടുത്ത ആറുമത്സരങ്ങളിലും മെഡല്‍വേട്ട നടത്തി. വട്ടിയൂര്‍ക്കാവ് തോപ്പ്മുക്ക് ആഞ്ജനേയ ഭവനില്‍ എസ്. ജയന്റെയും സന്ധ്യയുടെയും ഏകമകനാണ് ഹരികൃഷ്ണന്‍. തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
1987 ലെ ദേശീയ ഗെയിംസില്‍ ജിംനാസ്റ്റിക്‌സില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടിയ ഡി. ജയകുമാറാണ് ഹരികൃഷ്ണന്റെ പരിശീലകന്‍. ചിട്ടയായ പരിശീലനത്തിലൂടെ ഹരികൃഷ്ണനെ ഇന്ത്യയുടെ അഭിമാനമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകനും വീട്ടുകാരും കായികലോകവും. ചെറു പ്രായത്തില്‍ മത്സരിച്ചുനേടാനുള്ള ആത്മവിശ്വാസമാണ് ഹരികൃഷ്ണന്റെ പ്രധാന കഴിവെന്ന് ജയകുമാര്‍ പറയുന്നു.
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പൊമ്മല്‍ ഹോഴ്‌സ്, റോമല്‍ റിംഗ്‌സ്, വോള്‍ട്ടിംഗ്‌ടേബിള്‍, പാരലല്‍ബാര്‍സ്, ഹോറിസോണ്ടല്‍ ബാര്‍സ് എന്നീ ഇനങ്ങളില്‍ സ്വര്‍ണമെഡലുകളും ഫ്‌ളോര്‍ എക്‌സര്‍സൈസില്‍ വെള്ളിയുമാണ് നേടിയത്. കൊല്‍ക്കൊത്തയിലാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ആവേശം ഒട്ടുംചോരാതെ നടക്കുന്ന പരിശീലനത്തിലൂടെ സ്വര്‍ണം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഈ പ്രതിഭ.
















