തവനൂര്‍: എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണ നഷ്ടമായ തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുബ്രഹ്മണ്യന് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണകക്ഷിയായ എല്‍ഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം ഇന്ന് ചര്‍ച്ചയ്ക്കെടുക്കാനിരിക്കെയാണ് സ്വതന്ത്രനായ സുബ്രഹ്മണ്യന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് അംഗത്വം നല്‍കിയത്. ഇതോടെ തവനൂര്‍ പഞ്ചായത്ത് ഭരണം വീണ്ടും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പായി. സിപിഎം പ്രവര്‍ത്തകനായിരുന്ന സുബ്രഹ്മണ്യന് പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വന്തം മണ്ഡലമായ മദിരശ്ശേരിയില്‍ വിമതനായി മത്സരിച്ചാണ് ജയിച്ചത്.
ഇരുമുന്നണികളും ഒന്‍പതു വീതം സീറ്റുകള്‍ നേടിയപ്പോള്‍ സുബ്രഹ്മണ്യന് യുഡിഎഫിനെ പിന്തുണച്ച് പ്രസിഡന്റായി. ഭരണപക്ഷത്തെ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് പിന്നീട് എല്‍ഡിഎഫിന് ഒപ്പം ചേര്‍ന്നു. ഇതോടെ തവനൂര്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു.
കഴിഞ്ഞമാസം തവനൂര്‍ പഞ്ചായത്തില്‍ നിന്നു ലാപ്ടോപ്പുകള് കാണാതായ സംഭവത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് എല്‍ഡിഎഫ് അംഗങ്ങള്‍ സുബ്രഹ്മണ്യനു പിന്തുണ പിന്‍വലിക്കുന്നതില്‍ കലാശിച്ചത്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഇന്ന് ചര്‍ച്ചക്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: