പൂവാര്‍: ഉടമ മുങ്ങിയതിനെ തുടര്‍ന്ന് പൂട്ടിയ കരുംകുളത്തെ ജെമിനി ട്രേഡേഴ്‌സ് പോലീസ് തുറന്നുപരിശോധിച്ചു. ജെമിനി ട്രേഡേഴ്‌സ് വീണ്ടും തുറന്നുവെന്ന് അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ തടിച്ചുകൂടി. ജനത്തിന്റെ തിക്കുംതിരക്കും കണ്ട് അമ്പരന്ന പോലീസ് പിന്നീട് പുളുങ്കുടി എആര്‍ ക്യാമ്പില്‍ നിന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചാണ് കാര്യങ്ങള്‍ കൈപ്പിടിയിലൊതുക്കിയത്.
മുന്തിയ ടെലിവിഷന്‍, വാഷിംഗ് മെഷീന്‍, ഫ്രഡ്ജ് തുടങ്ങി മൂന്നു മുതല്‍ അഞ്ചുലക്ഷം രൂപയുടെ വരെ ഗൃഹോപകരണങ്ങള്‍ കടയിലുണ്ടായിരുന്നത് പോലീസ് തിട്ടപ്പെടുത്തി. രാവിലെ പത്തരയോടെ എത്തിയ പോലീസ് സംഘം കടയുടെ മുക്കും മൂലയും പരിശോധിച്ച് രേഖകളിലാക്കിയശേഷം ഉച്ചയ്‌ക്കു രണ്ടരയോടെയാണു മടങ്ങിയത്. കാഞ്ഞിരംകുളം എസ്‌ഐ എസ്. സുരേഷ് കുമാര്‍ നേതൃത്വം നല്‍കി.
കുറഞ്ഞ വിലയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കി ജനങ്ങളില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങിയ ശേഷം ഉടമയും തമിഴ്‌നാട് തഞ്ചാവൂര്‍ ഓള്‍ഡ് പേരാവൂരണി കാമരാജ് സ്ട്രീറ്റ്, ഡോര്‍ നമ്പര്‍ അഞ്ചില്‍ തങ്കവേല്‍ രാജേന്ദ്രന്‍ മുങ്ങുകയായിരുന്നു. ഒക്‌ടോബര്‍ 17 ന് ആണ് സ്ഥാപനം പൂട്ടിയത്. ജനങ്ങളില്‍ നിന്ന് അരക്കോടിയോളം രൂപ സമാഹരിച്ചുവെന്നു കരുതുന്നു. വഞ്ചിതരായ അഞ്ഞൂറോളം പേരാണ് അന്ന് പരാതിയുമായി പോലീസിനെ സമീപിച്ചത്.
















