പൂവാര്‍: പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ, അതിയന്നൂര്‍ ബ്ലോക്ക് ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ രാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്‌ക്കെത്തിയത്.
രാവിലെ പത്തരയോടെ എത്തിയ സംഘം ആശുപത്രി രേഖകള്‍ പരിശോധിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. ശൈലജ, ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ രാജി, ബ്ലോക്ക് പഞ്ചായത്തംഗം ഫ്രാങ്ക്‌ലിന്‍ കുമാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. ശൈലജ കുറ്റപ്പെടുത്തി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശുപത്രി വികസനസമിതി യോഗം ചേരാന്‍ മെഡിക്കല്‍ ഓഫിസര്‍ കൂട്ടാക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. ഇതേ തുടര്‍ന്ന് വകുപ്പുമന്ത്രി, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ഡിഎംഒ എന്നിവര്‍ക്കു രേഖമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും ശൈലജ പറഞ്ഞു. ആശുപത്രിയിലെ മാലിന്യനിര്‍മാര്‍ജനത്തിനു വേണ്ടി ബജറ്റില്‍ നീക്കിയിട്ടുള്ള ഫണ്ട് മെഡിക്കല്‍ ഓഫീസറുടെ അനാസ്ഥ കാരണം പാഴായിപ്പോകുമെന്ന് ബ്ലോക്ക് ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ രാജി, അംഗം ഫ്രാങ്ക്‌ലിന്‍ കുമാര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മൂന്നു സാമൂഹികാരോഗ്യ കേന്ദ്രങ്ങളാണുള്ളത്. പുല്ലുവിള, വിഴിഞ്ഞം, വെണ്‍പകല്‍. പുല്ലുവിള ഒഴികെയുള്ളയിടത്തെല്ലാം പദ്ധതികള്‍ ആവിഷ്‌കരിച്ചതായും അവര്‍ അറിയിച്ചു. മെഡിക്കല്‍ ഓഫീസറുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കരുംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രതിഷേധ സമരം നടത്തുമെന്ന് പ്രസിഡന്റും ബ്ലോക്കംഗവുമായ ഫ്രാങ്ക്‌ലിന്‍ കുമാര്‍ അറിയിച്ചു. അതേസമയം ആശുപത്രിയുടെ പ്രവര്‍ത്തനം നല്ല രീതിയിലാണു പോകുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. നെബു ജോണ്‍ പ്രതികരിച്ചു. മാലിന്യസംസ്‌കരണം സംബന്ധിച്ച പദ്ധതികള്‍ രണ്ടു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ടവര്‍ക്കു സമര്‍പ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
















