പാലക്കാട്: മദ്ധ്യകേരളത്തിന്റെ ജീവസ്രോതസ്സായ ഭാരതപ്പുഴയേയും ഇതര നദികളേയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് കര്‍ഷകമുന്നേറ്റം മുഖ്യസംഘാടകന്‍ തൊടുപറമ്പില്‍ വര്‍ഗ്ഗീസ് കേന്ദ്രമന്ത്രി ഉമാഭാരതിയോട് അഭ്യര്‍ത്ഥിച്ചു.
രാഷ്ട്രീയ സേവാഭാരതിയുടെ ദേശീയ പുരസ്ക്കാരമായ സന്ത് ഈശ്വര്‍ സേവാ സമ്മാന്‍ ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്വെന്ഷന് സെന്ററില്‍ വെച്ച് ഉമാ ഭാരതിയില്‍ നിന്നും സ്വീകരിച്ച വേളയിലാണ് ഭാരതപ്പുഴയുടെ ഗുരുതരാവസ്ഥ അദ്ദേഹം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഭാരതപ്പുഴയുടെ നാശത്തിലൂടെ കേരളത്തിന്റെ നെല്ലറയായ പാലക്കാട് മരുഭൂവായി മാറും.
പാലക്കാടിന് പുറമെ തൃശ്ശൂര്‍ മലപ്പുറം ജില്ലകളിലെയും മനുഷ്യര്‍ ഉള്‍പ്പെടെയുള്ള സകല ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ തകരുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഭാരതപ്പുഴയുടേയും ഇതരനദികളുടേയും ദുരവസ്ഥയ്ക്ക് കാരണം മണലൂറ്റും മാലിന്യങ്ങളും കൈയേറ്റങ്ങളും മാത്രമല്ല വെള്ളത്തിന്റെ ഒഴുക്കിലുണ്ടായ കുറവും പ്രധാനകാരണമാണ്. അശാസ്ത്രീയമായ അന്ത:സംസ്ഥാന കരാറുകളും അണക്കെട്ടുകളും തടയണകളും ഭാരതപ്പുഴയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഏഴിലൊന്നായി കുറച്ചു.
35 ടി എം സി യോളം വെള്ളം ഒഴുകിയിരുന്ന ജലസമൃദ്ധമായ പുഴയിലൂടെ ഇപ്പോള്‍ ശരാശരി 5 ടിഎംസി പോലും വെള്ളം ഒഴുകുന്നില്ലെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥീരീകരിക്കുന്നു.
ഈ സാഹചര്യത്തില്‍ ഇത് സംബന്ധമായ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശദനിവേദനം പ്രധാനമന്ത്രിക്ക് നല്കുന്നതിനു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുവാന്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ ജലാവകാശപൗരമുന്നേറ്റം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: