പറളി: പറളി പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറളി ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് മെമ്പര്‍ വി.പി.മുരളീധരന് ആരോപിച്ചു.
തങ്ങളുടെ കഴിവുകേടിനെയും, അഴിമതിയെയും, സ്വജനപക്ഷപാതത്തെയും മറച്ചു പിടിക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനും ആണ് സിപിഎം പറളി പഞ്ചായത്തില്‍ സീല്‍ വിവാദം ഉണ്ടാക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി തങ്ങള്‍ക്കു തോന്നുന്നത് ചെയ്യുന്ന സമീപനമാണ് സിപിഎം പറളി പഞ്ചായത്തില്‍ കൈകൊണ്ടു വരുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന ജലനിധി പദ്ധതികളുടെ പ്രവര്‍ത്തനം ബിജെപി പ്രതിനിധീകരിക്കുന്ന വാര്‍ഡുകളില്‍ പരമാവധി അവതാളത്തിലാക്കാനും വൈകിക്കാനും ഉള്ള ശ്രമങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ബോധപൂര്‍വം നടത്തി വരുകയാണെന്നും മുരളീധരന് ആഭിപ്രായപ്പെട്ടു.
പറളി പഞ്ചായത്ത് 18 വാര്‍ഡില്‍ 1995 ലും പുതിയ റോഡുകളുടെ നിര്‍മാണം സന്നദ്ധ പ്രവര്‍ത്തനം വഴി നടത്തിയിട്ടുണ്ട്. ആ റോഡുകളെല്ലാം ഇന്ന് പഞ്ചായത്ത് റോഡുകളാണ്. അതെ പ്രകാരം പ്രധാനപ്പെട്ട റോഡുകളെ ലിങ്ക് റോഡുകളുണ്ടാക്കി ബന്ധിപ്പിക്കുവാന്‍ സന്നദ്ധ സേവന പ്രവര്‍ത്തനം വഴി ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ്, ഒരു പുതിയ റോഡിന്റെ രുപീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭൂവുടമകളെ പങ്കെടുപ്പിച്ച് യോഗം നടത്താന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇവര്‍ക്ക് നല്കിയ കത്തില്‍ പഞ്ചായത്ത് സീല്‍ പതിച്ചെന്ന കാര്യവുമായി ബന്ധപ്പെട്ട് സിപിഎം ഭരണ സമിതി കോലാഹലങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. തങ്ങളുടെ മേല്‍ പറഞ്ഞ പിടിപ്പുകേടുകള്‍ മറച്ചു വെക്കുന്നതിനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനും ബിജെപി അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമുള്ള ഗൂഢാലോചനയുടെ ഫലം മാത്രമാണ്.
പറളി പഞ്ചായത്ത് ഭരണ സമിതി നാടിന്റെ വികസനത്തിന് നിലകൊള്ളാനും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ നിഷ്പക്ഷത പാലിക്കാനും പഠിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
സീല്‍ വിവാദത്തില്‍ പോലീസില്‍ പരാതിപ്പെടാന്‍ കാണിച്ച വേഗതയും, വ്യഗ്രതയും,ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കണമെന്നും സി പി എം നേതൃത്വത്തിലുള്ള പറളി പഞ്ചായത്ത് ഭരണസമിതിയോട് വി.പി.മുരളീധരന്. ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: