വട്ടിയൂര്‍ക്കാവ്: മദ്യപിച്ചും അമിതവേഗത്തിലും ബസ് ഓടിച്ചതിന് സ്‌കൂള്‍ബസ് ഡ്രൈവര്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലിസ് കേസെടുത്തു. പേട്ട പുത്തന്‍പാലം സ്വദേശി അനില്‍കുമാറിനെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. അമ്പലമുക്ക് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്തുവരുന്ന ആളാണ് അനില്‍കുമാര്‍. മുമ്പുണ്ടായിരുന്ന ഡ്രൈവര്‍ ജോലി മതിയാക്കിയതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് സ്‌കൂള്‍ബസ് ഡ്രൈവറായി അനില്‍കുമാര്‍ ജോലിയില്‍ പ്രവേശിച്ചത്.
ഇന്നലെ വൈകിട്ട് വിദ്യാര്‍ഥികളുമായി സ്‌കൂളില്‍നിന്ന് ഓട്ടംപോയ അനില്‍കുമാര്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയും വിദ്യാര്‍ത്ഥികളെ അവരവരുടെ സ്ഥലങ്ങളില്‍ ഇറക്കാതെ പോകുകയുമായിരുന്നു. ബസ്സിന്റെ ഓട്ടത്തില്‍ പന്തികേടുതോന്നിയ ചില നാട്ടുകാരാണ് വാഹനം തടഞ്ഞുനിര്‍ത്തി ഇയാളെ ചോദ്യം ചെയ്തത്. 30 ഓളം വിദ്യാര്‍ഥികളുമായി വേറ്റിക്കോണത്ത് ബസ് എത്തിയപ്പോള്‍ നാട്ടുകാര്‍ വാഹനംതടഞ്ഞ് ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പോലീസില്‍ അറിയിച്ചു. എസ്‌ഐ മുരളീകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്.
















