വര്‍ക്കല: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ നിരവധിപേര്‍ പരാതിയുമായി എത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കുന്നുപുറം ചിന്മയ സ്‌കൂളിന് സമീപം കൃഷ്ണശ്രീയില്‍ മഞ്ചുളനായരെ (44) കഴിഞ്ഞ ദിവസമാണ് വര്‍ക്കല പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ സഹായിയായ വടകര സ്വദേശിയായ സുരേഷ്, സ്ഥാപനത്തിലെ ജീവനക്കാരി ഗീത എന്നിവര്‍ ഒളിവിലാണ്. രണ്ടുവര്‍ഷമായി സുരേഷുമായി ചേര്‍ന്ന് തിരുവനന്തപുരം പുളിമൂട്ടില്‍ റെഡ് കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്ന ഇവര്‍. പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് പാലോട്, കല്ലമ്പലം, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധിപേര്‍ ഇന്നലെയും വര്‍ക്കല സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. ഇവരില്‍ നിന്നും തട്ടിയെടുത്ത പണം വര്‍ക്കലയിലെ ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചതായി സൂചനയുണ്ട്. ഈ സ്ഥാപനങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി വര്‍ക്കല സിഐ രമേശ് കുമാര്‍ പറഞ്ഞു.
















