ആര്‍ക്കുവേണ്ടിയാണ് പിണറായി വിജയന് മുഖ്യമന്ത്രിയായ സര്‍ക്കാര്‍ ഭരിക്കുന്നത്. അല്ലെങ്കില്‍ അങ്ങനെയൊരു സര്‍ക്കാര്‍ നിലവിലുണ്ടോ. എല്ലാ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാര്‍ പൊതുജനത്തെ ജീവിക്കാന്‍ പറ്റാത്തവിധം കഷ്ടപ്പെടുത്തുകയാണ്. വിലക്കയറ്റംകൊണ്ട് ജനം പൊറുതി മുട്ടുകയാണ്. അഴിമതിക്കാരനായ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതുപോലെ ജനത്തെ കൊള്ളയടിക്കുന്ന കച്ചവടക്കാരേയും സംരക്ഷിക്കുകയണോ സര്‍ക്കാര്‍.
ഉപ്പുതൊട്ടു കര്‍പ്പൂരംവരെ വിലകൂടിയിരിക്കുകയാണ്. പച്ചക്കറി വില തന്നെ രണ്ടുമാസത്തിനിടയ്ക്ക് പത്തും പതിനഞ്ചും ഇരട്ടിയാണ് വര്‍ധിച്ചിട്ടുള്ളത്. ചെറിയ ഉള്ളിക്ക് സെപ്റ്റംബറില്‍ കിലോയ്ക്ക് 30 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 180 രൂപയാണ്. അതുപോലെ സവാളയുടെ വില 20 ല്‍ നിന്ന് 60 രൂപയായി. തക്കാളി, കാബേജ്, ബീന്‍സ്, പച്ചത്തേങ്ങ എന്നിവയ്ക്കും തീപിടിച്ച വിലയാണ്. പല ചരക്കുസാധനങ്ങളുടെ വിലയും മേല്‍പ്പോട്ടു തന്നെ. അരി, വെളിച്ചെണ്ണ, പയര്‍, പരിപ്പ്, കടല, പഞ്ചസാര എന്നിവയ്ക്കും വില കുതിക്കുകയാണ്.
വിലക്കറ്റം ഇല്ലാതാക്കുക, ക്രമസമാധാനം ഭദ്രമാക്കുക, അഴിമതി തടയുക എന്നിവയാണ് ഒരു സര്‍ക്കാരിന്റെ അടിസ്ഥാനപരമായ ചുമതല. ഇതിനു കഴിഞ്ഞില്ലെങ്കില്‍ അതൊരു സര്ക്കാരേയല്ല. ഇങ്ങനെ ഭരിക്കാനാണെങ്കില്‍ ഒരു പിണറായി വിജയന്റെ ആവശ്യമുണ്ടോ. വഴിയേ പോകുന്ന ആരെങ്കിലും ഭരിച്ചാല്‍ പോരേ. മന്ത്രി തോമസ് ചാണ്ടിയെ എങ്ങനെയെങ്കിലും രക്ഷിക്കുക എന്നതാണ് പിണറായിയുടെ ആകെയുള്ള അജണ്ട. ഞങ്ങളുടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ എന്നു പണ്ടു സിപിഎംകാര്‍ വിളിച്ചത് കേരളം മറന്നിട്ടില്ല. അതുപോലെ ഞങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളെ കഷ്ടപ്പെടുത്തിയാല്‍ നിങ്ങള്‍ക്കെന്താ എന്നു പിണറായിയുടെ പാര്ട്ടിക്കാര് ചോദിക്കുമോ. ദുരിതം ഞങ്ങളുടെ ജന്മാവകാശമാണെന്ന് അവര്‍ മുദ്രാവാക്യം വിളിക്കുമോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: