പരപ്പനങ്ങാടി: ചിറമംഗലം അയോദ്ധ്യാനഗറിലെ പിഎച്ച്സിയില്‍ ഡോക്ടറില്ലാതെയായിട്ട് ഒരു മാസം കഴിഞ്ഞു.
വകുപ്പുതലത്തില്‍ നിരവധി പരാതികളും മറ്റും സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആരോഗ്യകേന്ദ്രത്തിന് മുന്നില്‍ കുത്തിയിപ്പ് സമരം നടത്തി. 2016 ഒക്ടോബറിലാണ് ഇവിടെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ആരോഗ്യകേന്ദ്രം തുടങ്ങിയത്.
നഗരസഭയും നാട്ടുകാരുടെ കൂട്ടായ്മയും ചേര്‍ന്നാണ് കെട്ടിടത്തിന്റെ വാടക നല്‍കുന്നത്. മത്സ്യതൊഴിലാളികളുടെയും കോളനിവാസികളുടെയും ഏക ആശ്രയ കേന്ദ്രമായ ഈ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ സ്ഥിരമായി ഇല്ലാത്തതിനാല്‍ പ്രായമായവരടക്കം ബുദ്ധിമുട്ടുകയാണ്.
അവശരായ രോഗികളെയും കൊണ്ട് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോകേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.
ഒരു ഫാര്‍മസിസ്റ്റും രണ്ട് സ്റ്റാഫ് നഴ്സും രണ്ട് വര്‍ക്ക് അസിസ്റ്റന്റുമടക്കം ഡോക്ടറെ കൂടാതെ അഞ്ചുപേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഡോക്ടറില്ലാത്തതിനാല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തന്നെ നിലച്ച അവസ്ഥയിലാണ്. നിലവിലുള്ള ഡോക്ടര്‍ അവധിയിലായതാണ് ചികിത്സ മുടങ്ങാന്‍ കാരണം.
ഡോക്ടറുടെ സേവനം ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ കുത്തിയിരുപ്പ് പ്രതിഷേധത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ യു. പി. ഹരിദാസന്, തറയില്‍ ശ്രീധരന്, കാട്ടില്‍ ഉണ്ണികൃഷ്ണന്, എം. പി. ബാബു, എം. രാജലക്ഷ്മി, കെ. വത്സല, ഒ. സുലോചന, കെ. പി. ഉഷ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: