പേരൂര്‍ക്കട: തമ്പാനൂര്‍ സ്റ്റേഷന്റെ ശോച്യാവസ്ഥ താത്കാലികമായി പരിഹരിക്കാന്‍ ഫാന്‍സ് അസോസിയേഷന്റെ സഹായം. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് സ്റ്റേഷന് സഹായവുമായി എത്തിയത്. ഇനി ഫയലുകള്‍ നനയില്ല, മഴനനഞ്ഞ് ഡ്യൂട്ടിനോക്കേണ്ടിയും വരില്ല.
അരിസ്റ്റോ ജംഗ്ഷനിലെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് തമ്പാനൂര്‍ സ്റ്റേഷന്റെ ശോച്യാവസ്ഥയ്‌ക്കു താത്കാലിക പരിഹാരം കണ്ടത്. ഫാന്‍സ് അസോസിയേഷന്‍ പണം ചെലവിട്ട് 20 ഓളം ഷീറ്റുകള്‍ ഉപയോഗിച്ചാണ് തകര്‍ന്ന മേല്‍ക്കൂര മാറ്റി സ്ഥാപിച്ചത്.
നിലവില്‍ മേല്‍ക്കൂര ചോര്‍ന്നൊലിച്ച് മഴവെള്ളം വീണ് ഉള്ളില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു സ്റ്റേഷന്‍. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. സ്റ്റേഷന്റെ മേല്‍ക്കൂര പൂര്‍ണമായും മാറ്റി ഷീറ്റ് പാകിയിട്ടില്ലെങ്കിലും പ്രധാനപ്പെട്ട ഓഫീസുകള്‍ക്കുള്ളില്‍ ഇനി മഴവെള്ളം വീഴില്ല എന്ന ആശ്വാസമുണ്ട് പോലീസുകാര്‍ക്ക്.
ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ചെയ്ത സഹായം നന്ദിയോടെ ഓര്‍ക്കുകയാണ് ജീവനക്കാര്‍. അതേസമയം പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്പാനൂര്‍ സ്റ്റേഷന്റെ വിഷയം അറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ചുവെങ്കിലും ഒന്നും ചെയ്തിരുന്നില്ല. സ്റ്റേഷനുവേണ്ടി പുതിയ സ്ഥലം കണ്ടെത്തിയെങ്കിലും അവിടെ പണി തുടങ്ങിയിട്ടുമില്ല. ഈയൊരു സാഹചര്യത്തിലാണ് ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനം.
















