പേരൂര്‍ക്കട: പേരൂര്‍ക്കട ലോ അക്കാദമിയില്‍ വീണ്ടും വിദ്യാര്‍ഥിസംഘര്‍ഷം. ഇന്നലെ രാവിലെ 10 മണിയോടടുപ്പിച്ച് കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നവംബര്‍ 4 ന് കെഎസ്‌യു എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നലെയുണ്ടായ സംഘര്‍ഷം. ഇരുവിഭാഗവും അക്കാദമിയില്‍ നടത്തിയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് കുറച്ചുദിവസമായി ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസത്തെ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. രാവിലെ 10 മണിയോടെ അക്കാദമിയിലെത്തിയ ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ക്യാമ്പയിനെക്കുറിച്ച് സംസാരിച്ച് വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. അടിപിടിയുടെ വക്കോളമെത്തിയെങ്കിലും പേരൂര്‍ക്കട പോലീസ് ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. ഇന്നലെ രാവിലെ മുതല്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്തിരുന്നു. വിദ്യാര്‍ഥിസംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ലോഅക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.
















